കെ.ടി ജലീലിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

കൊച്ചി: ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സ്വപ്‌ന സുരേഷ്. കെ.ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാനാണ് സ്വപ്‌ന ഹര്‍ജി നല്‍കിയത്. പോലീസിനെ ഉപയോഗിച്ച് വേട്ടയാടാന്‍ നീക്കമുള്ളതാനാല്‍ കോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. ഇന്ന് തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

അതേസമയം, കേസ് ഇന്ന് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സരിത്തിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയക്കും. ജലീലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡിജിറ്റല്‍ തെളിവുകളും പോലീസ് പരിശോധിക്കും. സ്വപ്നയുടെയും പി. സി ജോര്‍ജിന്റെയും വാര്‍ത്താസമ്മേളനങ്ങളും പരിശോധിക്കും. സോളാര്‍ കേസ് പ്രതി സരിതയും പി. സി ജോര്‍ജുമായിട്ടുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ സരിതയെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും.

സ്വപ്നയും പി സി ജോര്‍ജും ചേര്‍ന്ന് ഗൂഡാലോചന നടത്തി, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ജലീലിന്റെ പരാതി. ആദ്യം പരാതിയില്‍ കേസെടുക്കാന്‍ കഴിയുമോ എന്ന് പൊലീസ് സംശയിച്ചു. പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 120 ബി, 153 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരിക്കുന്നത്. ലൈഫ് കേസില്‍ പ്രതിയായ ശിവശങ്കറിനെ നേരത്തെ വിജിലന്‍സ് ചോദ്യം ചെയ്തതാണെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നില്ല. ഇതിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്തുന്ന ജസ്റ്റിസ് വികെ മോഹന്‍ കമ്മീഷന്റെ കാലാവധി ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ആറുമാസത്തേക്ക് നീട്ടിയത്. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ കാര്യമില്ലെങ്കില്‍, സര്‍ക്കാറിന് ഒളിക്കാനില്ലെങ്കില്‍ എന്തിനാണ് വിജിലന്‍സിനെ പഴയ കേസില്‍ ഇറക്കുന്നതെന്നാണ് ചോദ്യം.