ന്യൂഡൽഹി: ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് ഓൾ ഇന്ത്യ ബാക്ക്‌വേർഡ് ആൻഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ. ഒബിസി വിഭാഗത്തിൽപ്പെട്ടവരുടെ ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്താത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ചാണ് ബിഎഎംസിഇഎഫ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബുധനാഴ്ച പൊതുഗതാഗതവും കടകമ്പോളങ്ങളും അടച്ചിടണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തണമെന്ന ആവശ്യത്തിനു പുറമേ തെരഞ്ഞെടുപ്പ് സമയത്തെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗം, സ്വകാര്യ മേഖലയിലെ സംവരണം തുടങ്ങിയ ആവശ്യങ്ങളും ബിഎഎംസിഇഎഫ് ഉന്നയിക്കുന്നുണ്ട്.
ബഹുജൻ മുക്തി പാർട്ടി ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കാൻ നിയമം ഉണ്ടാക്കണം, പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയ്‌ക്കെതിരായ പ്രതിഷേധം, പഴയ പെൻഷൻ പദ്ധതി പുനഃരാരംഭിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ആദിവാസികളെ കുടിയിറക്കരുത്, വാക്‌സിനേഷന് നിർബന്ധിക്കരുത്, ലോക്ക് ഡൗൺ കാലത്ത് രഹസ്യമായി തൊഴിലാളികൾക്കെതിരെ ഉണ്ടാക്കിയ തൊഴിൽ നിയമങ്ങൾക്കെതിരായ പ്രതിഷേധം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഭാരത് ബന്ദ് നടത്തുകയെന്ന് ബിഎഎംസിഇഎഫ് അറിയിച്ചു.

