സർക്കാർ എന്നും അതിജീവിതയ്ക്കൊപ്പം; നീതി ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കോടിയേരി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാർ എന്നും അതിജീവിതയ്ക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അന്ന് മുതൽ ഇന്ന് വരെ കൂടെ നിൽക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷത്തിന് എതിരായിട്ടുള്ള ആക്ഷേപങ്ങളിൽ യാതൊരുവിധ അടിസ്ഥാനവുമില്ല. തൃക്കാക്കര മുന്നിൽ കണ്ടു കൊണ്ടുള്ള പ്രചാരണം ആണ് യുഡിഎഫ് നടത്തുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹമാണ്. നടിയെ ആക്രമിച്ച കേസിൽ നടിയുടെ ആവശ്യം പരിഗണിച്ചാണ് എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ കേസിൽ സർക്കാരും പാർട്ടിയും അതിജീവിതയ്‌ക്കൊപ്പമാണ്. നടിക്കാവശ്യമായ എല്ലാവിധ സംരക്ഷണവും ഉറപ്പാക്കുമെന്നും നടിക്ക് അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവർ കോടതിക്ക് മുന്നിൽ ബോധിപ്പിക്കട്ടെ. കേസിൽ അതിജീവിതയുടെ താല്പര്യം ആണ് സർക്കാരിന്റെ താല്പര്യം. പ്രോസിക്യൂട്ടറെ പോലും അതിജീവിതയുടെ താല്പര്യം കണക്കിലെടുത്താണ് നിയമിച്ചത്. വനിതാ ജഡ്ജിയെ വെച്ചത് നടിയുടെ താല്പര്യം നോക്കിയാണെന്നും കോടിയേരി പറഞ്ഞു.

എൽഡിഎഫ് സർക്കാർ ആയതുകൊണ്ടാണ് അങ്ങനെയൊരു അറസ്റ്റ് പോലും കേരളത്തിൽ നടന്നത് എന്നാൽ യുഡിഎഫ് സർക്കാർ ആയിരുന്നേൽ അതിന് മുതിരുമായിരുന്നില്ല. ആലുവയിൽ അന്വേഷിച്ചാൽ നടിയെ ആക്രമിച്ച കേസിലെ പ്രതിയുമായി ആർക്കാണ് ബന്ധം എന്നുള്ളത് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.