ന്യൂഡൽഹി: ജയിലിൽ കഴിയുന്ന പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് നടപടി. കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് സിദ്ദു ജയിലിൽ കഴിയുന്നത്. സുപ്രീം കോടതിയാണ് നവ്ജ്യോത് സിങ് സിദ്ദുവിനെ ഒരു വർഷം തടവിന് ശിക്ഷിച്ചത്. മൂപ്പത്തിനാല് വർഷം മുൻപ് റോഡിലുണ്ടായ അടിപിടി കേസിൽ ഒരാൾ മരിച്ച സംഭവത്തിലാണ് കോടതി സിദ്ദുവിന് ശിക്ഷ വിധിച്ചത്.
1988 ഡിംസബർ 27 ന് പട്യാലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വാഹനം നടുറോഡിൽ പാർക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർനാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്തതോടെയാണ് അടിപിടി ആരംഭിച്ചത്. ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചെന്നും ഇതാണ് മരണകാരണമായതെന്നുമായിരുന്നു കേസ്. 1999 ൽ പഞ്ചാബിലെ സെഷൻസ് കോടതി ഈ കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. സംഭവത്തിന് തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കൾ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
തുടർന്ന് കേസ് സുപ്രീം കോടതിയിൽ എത്തി. 2018ൽ സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി കേസ് സുപ്രീം കോടതി തീർപ്പാക്കി. എന്നാൽ ഈ വിധിക്കെതിരെ മരിച്ച ഗുർനാം സിങ്ങിന്റെ കുടുംബം പുനപരിശോധനാ ഹർജി നൽകുകയായിരുന്നു.

