കൂളിമാട് പാലം തകർന്നതിൽ വീഴ്ച്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കൂളിമാട് പാലം തകർന്നതിൽ വീഴ്ച്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലത്തെ പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലാരിവട്ടം പാലത്തിന്റെ ഹാംഗ് ഓവർ പലർക്കും മാറിയിട്ടില്ല. അതുകൊണ്ടാണ് അനാവശ്യമായ പ്രതികരണങ്ങൾ നടത്തുന്നത്. കൂളിമാട് പാലം തകർന്നതിൽ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ പ്രതികരണം നടത്താം. യുഡിഎഫിന്റെ കാലത്തെ വിജിലൻസല്ല ഇപ്പോഴുള്ളത്. കൂളിമാട് പാലം സംബന്ധിച്ച് കൃത്യമായി രീതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് സംവിധാനം ഇപ്പോൾ ഫലപ്രദമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിയെന്ന നിലയിൽ അന്വേഷണത്തിലിരിക്കുന്ന വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നതിൽ പരിമിതിയുണ്ട്. കൂളിമാട് പാലവുമായി ബന്ധപ്പെട്ട് ഇടപെടുന്ന കെആർഎഫ്ബിയുടെ റിപ്പോർട്ട് കിട്ടിയിരുന്നു. വേണമെങ്കിൽ ആ റിപ്പോർട്ട് സ്വീകരിച്ച് വിഷയം അവിടെ അവസാനിപ്പിക്കാമായിരുന്നു. ആ റിപ്പോർട്ട് കിട്ടിയ ഉടനെ അത് അവസാനിപ്പിക്കുന്നതിന് പകരം ഇതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തരുന്നതിന് വിജിലൻസ് സംവിധാനത്തെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.