ഏപ്രിൽ മാസം ജീവനക്കാർക്ക് ശമ്പളം നൽകി കഴിയുമ്പോൾ കെഎസ്ആർടിസിയുടെ ഖജനാവ് കാലി; നേരിടുന്നത് വലിയ പ്രതിസന്ധി

തിരുവനന്തപുരം: ഏപ്രിൽ മാസം ജീവനക്കാർക്ക് ശമ്പളം നൽകി കഴിയുമ്പോൾ കെഎസ്ആർടിസിയുടെ ഖജനാവ് കാലി. ഇനി തൊഴിലാളികൾക്ക് മെയ് മാസത്തെ ശമ്പളം നൽകണമെങ്കിൽ വീണ്ടും കടമെടുക്കേണ്ട അവസ്ഥയിലാണ് കോർപ്പറേഷൻ. മെയ് മാസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസി കൂടുതൽ സഹായം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 65 കോടി ധനസഹായം ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാരിന് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.

പതിവായി നൽകുന്ന 30 കോടിക്ക് പുറമെ 35 കോടി രൂപ കൂടി വേണമെന്നാണ് കെഎസ്ആർടിസി ഉന്നയിക്കുന്ന ആവശ്യം. ഏപ്രിൽ മാസത്തെ ശമ്പള വിതരണം വിതരണത്തിനായി 20 കോടി കൂടി സർക്കാർ അധികമായി നൽകിയിരുന്നു. ഓവർ ഡ്രാഫ്റ്റും സർക്കാർ സഹായവും ചേർത്ത് 70 കോടി രൂപയുമായാണ് കഴിഞ്ഞ മാസത്തെ ശമ്പള വിതരണം കെഎസ്ആർടിസി നടത്തിയത്. അഞ്ചാം തീയതി തന്നെ ശമ്പളം ലഭിക്കണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്.

ഒരാഴ്ച്ച കഴിഞ്ഞാൽ ഈ മാസത്തെ ശമ്പളം നൽകാനുള്ള തീയതിയാവും. ഏപ്രിൽ മാസത്തെക്കാൾ പ്രതിസന്ധിയാണ് കെഎസ്ആർടിസി നേരിടാൻ പോകുന്നത്. വരുമാനം കൊണ്ട് മാത്രം ശമ്പളം നൽകാനാവില്ല. 30 കോടിയിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടെന്ന് സർക്കാർ അറിയിച്ചെങ്കിലും 65 കോടിയില്ലാതെ മുന്നോട്ട് നീങ്ങില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിക്കുന്നത്.