പീഡന കേസ്; വിജയ് ബാബുവിനെതിരെ യുഎഇ പൊലീസിന് അറസ്റ്റ് വാറണ്ട് കൈമാറി

തിരുവനന്തപുരം: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുഎഇ പൊലീസിന് അറസ്റ്റ് വാറണ്ട് കൈമാറി ഇന്റർപോൾ. ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് നടപടി. വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് നടപടി. കഴിഞ്ഞ ദിവസം വിജയ് ബാബുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവാണ് ഇന്റർപോൾ വഴി യു.എ.ഇ പൊലീസിന് നൽകിയിരിക്കുന്നത്.

അതേസമയം, വിജയ് ബാബു ദുബായിൽ എവിടെയാണ് ഉള്ളതെന്ന് യുഎഇ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. വിജയ് ബാബുവിന്റെ ഒളിത്താവളം എവിടെയെന്ന് യു.എ.ഇ പൊലീസ് അറിയിക്കുന്നതിനനുസരിച്ചായിരിക്കും തുടർനടപടി സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.

പീഡന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പല തവണ പൊലീസ് വിജയ് ബാബുവിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് വിജയ് ബാബുവിനെതിരെ നടപടി കടുപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. ഉടൻ തന്നെ വിജയ് ബാബുവിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.