തിരുവനന്തപുരം: പാചക വാതക വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. പാചകവാതക വില അടിക്കടി വർദ്ധിപ്പിച്ചുകൊണ്ട് അടുക്കള തന്നെ പൂട്ടിക്കുന്നതിനുള്ള നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഎം വിമർശിച്ചു. പാചകവാതകത്തിനുൾപ്പെടെ സബ്സിഡി നൽകാൻ പണമില്ലെന്ന് പറയുന്ന കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കോർപ്പറേറ്റ് ടാക്സ് ഇനത്തിൽ മാത്രം 1.45 ലക്ഷം കോടി രൂപയാണ് എഴുതി തള്ളിയത്. അടുക്കളകൾ പൂട്ടിയാലും കോർപ്പറേറ്റുളെ സഹായിക്കുക എന്ന നയങ്ങളുടെ തുടർച്ചയാണ് ഈ വർദ്ധനവെന്ന് സിപിഎം കുറ്റപ്പെടുത്തി.
കോവിഡിന്റെ പിടിയിൽ നിന്ന് കരകയറാൻ രാജ്യം പ്രയാസപ്പെടുമ്പോഴുള്ള വിലവദ്ധധന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ സമൂഹത്തിന്റെ എല്ലാ കോണുകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരണം. ബിജെപി സർക്കാർ അധികാരത്തിൽ വരുമ്പോൾ 405 രൂപയുണ്ടായിരുന്ന പാചകവാതക വില ആയിരം കടന്നിരിക്കുന്നു. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 255 രൂപയാണ് വർധിച്ചത്. ശനിയാഴ്ച മാത്രം 50 രൂപ കൂടി. മാസങ്ങളായി ഉപഭോക്താക്കൾക്ക് സബ്സിഡി നൽകുന്നതും നിർത്തിവെച്ചിരിക്കുകയാണ്. അടുത്തിടെ വാണിജ്യ സിലിണ്ടറിനുള്ള വിലയും കൂട്ടിയിരുന്നു. പെട്രോൾ, ഡീസൽ വിലയും അടിക്കടിവർധിപ്പിക്കുകയാണ്. മണ്ണെണ്ണ വിലയും കുത്തനെ ഉയരുകയാണെന്ന് സിപിഎം വ്യക്തമാക്കി.
2020 മെയ് മാസത്തിൽ 18 രൂപയായിരുന്ന മണ്ണെണ്ണ വില 84 രൂപയായിരിക്കുന്നു. രണ്ടുവർഷത്തിനിടെ 66 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. 2014 ൽ ബിജെപി ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇന്ധന വില പിടിച്ചുനിർത്തുമെന്നത്. പിടിച്ച് നിർത്തിയില്ലെന്ന് മാത്രമല്ല, ജനത്തിന് അസഹനീയമാകും വിധം വിലകൂട്ടിക്കൊണ്ടിരിക്കുന്നു. എല്ലാ സബ്സിഡികളും വെട്ടിക്കുറക്കുകയെന്ന ആഗോളവൽക്കരണ നയം പിന്തുടരുന്ന കോൺഗ്രസ്സിന്റേയും, ബിജെപിയുടേയും നയങ്ങളാണ് ഇത്തരമൊരു സ്ഥിതി വിശേഷം രാജ്യത്ത് സൃഷ്ടിച്ചത്. ആഗോളവൽക്കരണ നയങ്ങളാരംഭിക്കുന്നതിന് മുമ്പ് 55.50 രൂപ നിലനിന്നിരുന്ന വിലയാണ് ഇപ്പോൾ ഇത്തരത്തിൽ വർദ്ധിച്ചിരിക്കുന്നതെന്നും സിപിഎം ചൂണ്ടിക്കാട്ടി.

