തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ കത്ത്. തിരുവനന്തപുരം കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴി കാര്‍ഗോ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ലൈസന്‍സ് പുതുക്കി നല്കണമെങ്കില് മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങളും സുരക്ഷയും കാര്‍ഗോ കോംപ്ലക്സില്‍ ഒരുക്കണമെന്നാണ് കത്തിലെ ആവശ്യം.
മെയ് 14 ന് സമയപരിധി അവസാനിക്കുമെന്നും 2015 മുതല്‍ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നും ഇനി സമയം നീട്ടി നല്‍കില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇത് ലഭിച്ച ശേഷവും കെഎസ്ഐഇയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ല. പതിനാലാം തിയ്യതി മുതല്‍ ചരക്ക് നീക്കം നിലക്കുകയാണെന്ന് കയറ്റുമതിക്കാരെ കെഎസ്ഐഇ അറിയിക്കുന്നത് ഇക്കഴിഞ്ഞ 29 ന് മാത്രമാണ്.
അതേസമയം, പൊതുമേഖലാ സ്ഥാപനത്തെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി ചരക്ക് നീക്കം നിയന്ത്രിക്കാനുള്ള അദാനിയുടെ നീക്കമാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ കടുംപിടുത്തത്തിന് പിന്നിലെന്ന ആരോപണവുമുണ്ട്. എന്നാല്‍, കെഎസ്ഐഇക്ക് എന്‍ഒസി നല്കുന്നതില് എതിര്‍പ്പില്ലെന്ന നിലപാടാണ് വിമാനത്താവള നടത്തിപ്പ് കമ്പനി നിലവില്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് വിവരം. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്നാണ് കെഎസ്ഐഇ വിശദീകരണം.

