പാവപ്പെട്ട കുടുംബങ്ങൾക്കുവേണ്ടി നിലകൊള്ളാൻ രാജ്യത്ത് കോൺഗ്രസ് മാത്രമേയുള്ളൂ; രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാചകവാതക വില വർധനയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്കുവേണ്ടി നിലകൊള്ളാൻ രാജ്യത്ത് കോൺഗ്രസ് മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസ് ഭരിക്കുന്ന കാലത്തെ പാചകവാതക വിലയും ബിജെപി ഭരണത്തിൽ ഇപ്പോഴത്തെ വിലയും താരതമ്യം ചെയ്താണ് രാഹുൽ ഗഗാന്ധിയുടെ പ്രസ്താവന. യുപിഎ സർക്കാരിന്റെ കാലത്ത് 2014 ൽ 827 രൂപ സബ്‌സിഡി നൽകിയിരുന്നതിനാൽ സിലിണ്ടറിന്റെ വില 410 രൂപയായിരുന്നു. നിലവിലെ കേന്ദ്ര സർക്കാർ സബ്‌സിഡി പൂർണമായും പിൻവലിച്ചു. ഇതോടെ 2022 എത്തിയപ്പോഴേക്കും പാചകവാതക വില സിലിണ്ടറിന് 999 രൂപയായി ഉയർന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു സിലണ്ടറിലുണ്ടായ വർധന 594 രൂപയാണ്. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് രണ്ട് സിലിണ്ടർ വാങ്ങാനുള്ള പണമാണ് ഇന്ന് ഒറ്റ സിലിണ്ടറിനു നൽകേണ്ടത്. സാധാരണക്കാർക്കു വേണ്ടി മുൻപ് കോൺഗ്രസ് സ്ഥാപിച്ച സുരക്ഷാ കവചങ്ങളെല്ലാം കേന്ദ്രം പിൻവലിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ ലക്ഷക്കണക്കിനു കുടുംബങ്ങൾ മല്ലടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീട്ടാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതോടെ കേരളത്തിൽ ഗാർഹിക സിലിണ്ടർ വില 1000 രൂപയ്ക്കു മുകളിലെത്തി. മാർച്ച് 22 ന് ആണ് ഇതിനു മുൻപ് ഗാർഹിക സിലിണ്ടറിനു വില വർധിപ്പിച്ചത്. മാർച്ച് 22 ന് 50 രൂപയാണ് വർധിപ്പിച്ചത്.