കർണാടക കോൺഗ്രസിൽ കൂട്ടരാജി; നിരവധി നേതാക്കൾ ബിജെപി അംഗത്വം സ്വീകരിച്ചു

ബംഗളൂരു: കർണാടക കോൺഗ്രസിൽ കൂട്ടരാജി. കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രമോദ് മധ്വരാജ് ബിജെപി അംഗത്വം സ്വീകരിച്ചു. കെപിസിസി വൈസ് പ്രസിഡന്റായി പുതുതായി നിയമിക്കപ്പെട്ട നേതാവായിരുന്നു പ്രമോദി മധ്വരാജ്. കോൺഗ്രസിൽ നിന്ന് രാജിവെച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.

കോൺഗ്രസിനുള്ളിൽ അനുഭവപ്പെടുന്ന സമ്മർദ്ദമാണ് തന്റെ രാജിയ്ക്ക് കാരണമാണ് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി ഉഡുപ്പി ജില്ലയിലെ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി തനിക്ക് യോജിച്ച് പോകാൻ സാധിക്കുന്നില്ലായിരുന്നു. ഇത് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴിവെക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുൻ എംഎൽസി സന്ദേശ് നാഗരാജ്, മുൻ മന്ത്രി വർത്തൂർ പ്രകാശ്, മുൻ എംപി കെബി കൃഷ്ണമൂർത്തി, മുൻ എംഎൽഎ മഞ്ജുനാഥ് ഗൗഡ, മുൻ ഐആർഎസ് ഉദ്യോഗസ്ഥ ലക്ഷ്മി അശ്വിൻഗൗഡ, മാണ്ഡ്യയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് അശോക് ജയറാം തുടങ്ങിയ നേതാക്കളും ബിജെപി അംഗത്വം സ്വീകരിച്ചു.