രാജ്യം വീണ്ടും കൊവിഡ് ഭീതിയില്‍; രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,805 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 7.3 ശതമാനം വര്‍ദ്ധനവാണ് ഇന്നലത്തെക്കാള്‍ കൊവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, രാജ്യത്ത് ഇതുവരെ 4,30,98,743 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 20,303 സജീവ കേസുകളാണ് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 3,168 പേര്‍ രോഗമുക്തി നേടി. 98.74 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇരുപത്തിരണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 5,24,024 ആയി.

ഡല്‍ഹിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,656 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹരിയാനയാണ്(582കേസുകള്‍) തൊട്ടുപിന്നില്‍. കേരളത്തില്‍ 400 പേരിലും, ഉത്തര്‍പ്രദേശില്‍ 320 പേരിലും, മഹാരാഷ്ട്രയില്‍ 205 പേരിലുമാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്.