ശ്രീനഗർ: ഇന്ത്യയിലേക്ക് കടക്കാൻ കശ്മീർ അതിർത്തിയിൽ കാത്തിരിക്കുന്നത് 200 ഓളം ഭീകരരെന്ന് സൈന്യത്തിന്റെ നോർത്തേൺ കമാൻഡർ ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി. കശ്മീരിലെ നിയന്ത്രണ രേഖയിലെ സുരക്ഷാ സ്ഥിതിയെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അതിർത്തിയിലെ പാകിസ്താൻ മേഖലയിൽ 35 ഓളം തീവ്രവാദ പരിശീലന ക്യാമ്പുകളും സജീവമാണ്. ഇതിൽ ആറെണ്ണം വമ്പൻ ക്യാമ്പ്യുകളാണെന്നും അദ്ദേഹം അറിയിച്ചു. പാക് സൈനിക താവളങ്ങളോട് ചേർന്നാണ് ഈ ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നത്. ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതും പാക് സൈന്യമാണെന്ന് അദ്ദേഹം ആരോപിക്കുന്നു.
അതേസമയം, നേരത്തെയുള്ളതിനെ അപേക്ഷിച്ച് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2021 ഫെബ്രുവരിയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഏറെക്കുറെ പാലിക്കപ്പെടുന്നുണ്ട്. രണ്ടോ മൂന്നോ സംഭവങ്ങൾ മാറ്റി നിർത്തിയാൽ കഴിഞ്ഞ കുറേ കാലത്തിനിടെ അതിർത്തിയിൽ സമാധാന അന്തരീക്ഷമാണ്. നിലവിലുളള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇതിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

