സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും; എ.ഐ ക്യാമറ പണി തുടങ്ങി

‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ഇടുന്നതിന് ‘നിര്‍മിതബുദ്ധി’ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 64 ക്യാമറകള്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു തുടങ്ങി. അടുത്ത ദിവസം മുതല്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ, ചിത്രങ്ങള്‍ ഉള്‍പ്പെടെ വാഹന ഉടമകളുടെ പേരില്‍ നോട്ടീസ് ആയി ലഭിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്ക് പുറമേയാണ് ഇവ സ്ഥാപിച്ചത്. രാത്രിയിലും പകലും ഇവ ഒരുപോലെ പ്രവര്‍ത്തിക്കുകയും നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അപ്പോള്‍ തന്നെ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുകയും ചെയ്യും. പിഴ ഓണ്‍ലൈന്‍ വഴിയോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അടയ്ക്കാന്‍ സൗകര്യമുണ്ട്. പിഴ 30 ദിവസത്തിനകം അടച്ചില്ലെങ്കില്‍ മോട്ടോര്‍വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അപ്പോള്‍ കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി തുക കോടതിയില്‍ അടയ്‌ക്കേണ്ടിവരും.

എറണാകുളം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ഓഫീസിലാണ് ഈ ക്യാമറകളുടെ ആധുനിക കണ്‍ട്രോള്‍ റൂം. കെല്‍ട്രോണുമായി സഹകരിച്ച് സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് ‘കെല്‍ട്രോണ്‍’ ചുമതലപ്പെടുത്തിയ ജീവനക്കാര്‍ നോട്ടീസ് അയക്കും. ക്യാമറയില്‍ നിന്നുള്ള വിവരങ്ങള്‍ നേരേ ‘വാഹന്‍’ സോഫ്‌റ്റ്വേറിലെത്തും. അതില്‍ത്തന്നെ പിഴയുടെ ചലാന്‍ തയ്യാറാക്കും. നിയമലംഘനം കണ്ടെത്തിയാലുടന്‍ വാഹന ഉടമയുടെ ഫോണിലേക്ക് എസ്.എം.എസ്. സന്ദേശവും എത്തും.

പിഴ ഈടാക്കുക ഇങ്ങനെ

ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ 500 രൂപ.

ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താല്‍ 500 രൂപ.

മൂന്നുപേര്‍ ബൈക്കില്‍ യാത്ര ചെയ്താല്‍ 1,000 രൂപ. (4 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും).

വാഹന യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2,000 രൂപ.

സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ചാല്‍ 500 രൂപ.

നിയമവിധേയമല്ലാതെ ക്രാഷ് ഗാര്‍ഡ്, എക്‌സ്ട്രാ ഫിറ്റിങ്‌സ് എന്നിവ കണ്ടെത്തിയാല്‍ 5,000 രൂപ.

അപകടകരമായ വിധം വാഹനത്തിന് പുറത്തേക്ക് തള്ളിനില്‍ക്കുന്നവിധം ലോഡ് കയറ്റിയാല്‍ 20,000 രൂപ.