തിരുവനന്തപുരം: സിൽവർ ലൈന് വേണ്ടിയുള്ള നീക്കങ്ങൾ സംസ്ഥാന സർക്കാർ നടത്തുന്നതിനിടെ സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാനുള്ള നീക്കം ആരംഭിച്ച് കേന്ദ്ര സർക്കാർ. 160 കിലോമീറ്റർ വേഗത്തിലുള്ള വന്ദേഭാരത് സർവ്വീസുകൾ ആരംഭിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.
രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും അടുത്ത വർഷം അവസാനത്തോടെ വന്ദേഭാരത് ട്രെയിനുകളുണ്ടാകണമെന്നാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. കേരളത്തിന് രണ്ട് ട്രെയിൻ യൂണിറ്റുകളാണ് ലഭിക്കുക. ഇതോടെ വന്ദേഭാരതിന്റെ ഒരു സർവ്വീസ് സംസ്ഥാനത്ത് നടത്താനാകും. റൂട്ട്, റെയിൽവേ യാർഡ് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളിൽ തീരുമാനമായിട്ടില്ല.
സാധാരണ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമാണ് വന്ദേഭാരത് ട്രെയിനുകൾ. മെട്രോ ട്രെയിനുകളിലെ പോലെ ഇവയിൽ എൻജിനില്ല. കോച്ചുകൾക്ക് അടിയിലുള്ള ഇലക്ട്രിക് മോട്ടോറുകൾ ട്രെയിനിനെ ചലിപ്പിക്കുന്നു. എല്ലാതരത്തിലുമുള്ള റെയിൽവേ ട്രാക്കുകളിലൂടെയും വേഗത്തിൽ ഓടിക്കാം. പൂർണ്ണമായി എയർകണ്ടീഷൻ ചെയ്തതാണെന്നതാണ് വന്ദേഭാരത് ട്രെയിനിന്റെ മറ്റൊരു പ്രത്യേകത. ഒരു യൂണിറ്റിൽ 16 കോച്ചുകളാണുള്ളത്. 97 കോടി രൂപയാണ് ഒരു യൂണിറ്റിന്റെ നിർമ്മാണച്ചെലവ്.

