വാഷിംഗ്ടണ്‍: കേന്ദ്ര സര്‍ക്കാരിന്റെ ‘മിഷന്‍ കര്‍മയോഗി’യെ പിന്തുണക്കുന്നതിന്റെ ഭാഗമായി 360 കോടിയോളം രൂപയുടെ വായ്പക്ക് ലോകബാങ്ക് അംഗീകാരം നല്‍കി. ഇന്ത്യയില്‍ 18 ദശലക്ഷത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പ്രാപ്തമാക്കാനും, ഭാവിയിലേയ്ക്കു വേണ്ടി സജ്ജരാക്കാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നും ലോകബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 2020ലാണ് മിഷന്‍ കര്‍മയോഗിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം ലഭിക്കുന്നത്. ഒരു സര്‍ക്കാര്‍ ഉദ്യാഗസ്ഥന്‍ എങ്ങനെയാവണമെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ പദ്ധതി.
വായ്പക്ക് നാലര വര്‍ഷത്തെ അധിക സമയമടക്കം പതിനൊന്ന് വര്‍ഷത്തെ ഫൈനല്‍ മെച്യൂരിറ്റിയും ഉണ്ടായിരിക്കും. പരിശീലനം നല്‍കുന്നതിനും അതിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുമായി ഒരു ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്‌ഫോം വികസിപ്പിച്ചു കൊണ്ട് മിഷന്‍ കര്‍മയോഗിയെ പിന്തുണക്കും. ഇന്ത്യയിലെ പൊതുമേഖലയില്‍ പുതിയ സംഭാവനകള്‍ നല്‍കാന്‍ പദ്ധതിക്ക് കഴിയുമെന്നും ലോകബാങ്കിന്റെ ടാസ്‌ക് ടീം ലീഡര്‍ വിക്രം മേനോന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കുന്ന സംഭാവനയിലൂടെ രാജ്യത്ത് ദാരിദ്ര്യ നിര്‍മാര്‍ജനം നടപ്പിലാക്കുകയും അതിന്റെ ക്ഷേമം എല്ലാ തലത്തിലുമുള്ള ജനങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. ഇതിലൂടെ രാജ്യത്തെ തന്നെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കുകയാണ് ലോക ബാങ്കിന്റെ ലക്ഷ്യം.
സെക്ഷന്‍ ഓഫീസര്‍മാര്‍ മുതല്‍ സെക്രട്ടറിമാര്‍ വരെയുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും സ്‌കീമിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയിലൂടെ ഓരോ വര്‍ഷവും ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തുകയും വേണ്ട പരിശീലനം നല്‍കുകയും ചെയ്യും. ലോകബാങ്കിന്റെ വായ്പാ വിഭാഗമായ ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡെവലപ്‌മെന്റ്(ഐബിആര്‍ഡി) ആണ് വായ്പ നല്‍കുന്നത്.

