തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണം തടയാനായി വാദിച്ച സുപ്രീം കോടതി അഭിഭാഷകൻ മനീന്ദർ സിങ്ങിന് 24.5 ലക്ഷം രൂപ ഫീസ് അനുവദിച്ച് സംസ്ഥാന സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു സംസ്ഥാനത്തു ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതിനിടെയാണ് സർക്കാർ നടപടി. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ വാദിച്ചതിനാണ് സുപ്രീം കോടതി അഭിഭാഷകന് ഫീസ് അനുവദിച്ചത്.
ഫെബ്രുവരി 21 ന് അഡ്വക്കറ്റ് ജനറൽ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തടയാനുള്ള കോടതി വാദങ്ങളുടെ ഫീസിനത്തിൽ മാത്രം സർക്കാർ ചെലവാക്കിയത് 88 ലക്ഷം രൂപയാണ്. വൻ തുക പ്രതിഫലം പറ്റുന്ന അഭിഭാഷകരായ രഞ്ജിത്ത് കുമാർ, മനീന്ദർ സിങ്, പ്രഭാസ് ബജാജ് എന്നിവരാണ് പല ഘട്ടങ്ങളിലായി സർക്കാരിനു വേണ്ടി വാദിക്കാൻ കോടതികളിൽ എത്തിയത്. എന്നാൽ സുപ്രീം കോടതി അപ്പീൽ തള്ളുകയായിരുന്നു. ഇതോടെ പൊതുഖജനാവിലെ പണം ചെലവാക്കായുള്ള വാദങ്ങളെല്ലാം വെറുതെയായി.
സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 21 പേരാണ് സിബിഐ അന്വേഷണത്തിൽ പ്രതിസ്ഥാനത്തുള്ളത്. 2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയത്. 2019 സെപ്റ്റംബറിലാണ് കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

