ജമ്മു കശ്മീരിൽ സൈന്യം നടത്തുന്ന സ്‌കൂളില്‍ ഹിജാബിന് നിരോധനം; നിഖാബ് ആണ് വിലക്കിയതെന്ന വിശദീകരണവുമായി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യം നടത്തുന്ന സ്‌കൂളിൽ ഹിജാബ് ധരിക്കരുതെന്ന് അധ്യാപകരോട് നിർദ്ദേശിച്ച് ഉത്തരവ് പുറത്തിറക്കി. വടക്കൻ കശ്മീരിലെ ബരാമുള്ളയിൽ സ്‌പെഷ്യൽ കുട്ടികൾക്കായി സൈന്യം നടത്തുന്ന ദഗ്ഗെർ പരിവാർ സ്‌കൂളിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സ്‌കൂൾ സമയങ്ങളിൽ ഹിജാബ് ഒഴിവാക്കണമെന്നാണ് അധ്യാപകരോട് നിർദ്ദേശിച്ചിട്ടുള്ളത്. അതേസമയം, വിഷയത്തിൽ കശ്മീർ താഴ്‌വരയിൽ വലിയ പ്രതിഷേധം അരങ്ങേറുന്നുണ്ട്. കർണാടക ഹിജാബ് നിരോധനത്തിനാണ് സമാനമാണ് ഈ നടപടിയെന്ന് ആരോപിച്ചാണ് പ്രതിഷേധം.

എന്നാൽ, ഹിജാബിന് വിലക്കേർപ്പെടുത്തിയെന്നത് ശരിയല്ലെന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചത്. സർക്കുലറിൽ ”നിഖാബ്” (കണ്ണൊഴികെ മുഖം മറയ്ക്കുന്നത്) എന്നതിനുപകരം ”ഹിജാബ്” (തല മറയ്ക്കുന്നത്) എന്ന വാക്ക് തെറ്റായി എഴുതിയിരിക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി. സ്‌പെഷ്യൽ കുട്ടികൾക്കുള്ള സ്‌കൂൾ ആയതിനാൽ നിഖാബ് അധ്യാപനത്തിന് തടസമാകുമെന്നും. ഇത് ഹിജാബ് എന്നല്ല നിഖാബ് ആണ് ഉദ്ദേശിച്ചതെന്നും പ്രതിരോധ വക്താവ് എമ്രോൺ മുസാവി ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ശ്രവണ വൈകല്യമുള്ളതും ഭിന്നശേഷിക്കാരായതുമായ കുട്ടികൾക്കുള്ള സ്‌കൂളാണിത്. മുഖമുദ്രകൾ ഉപയോഗിച്ച് സ്വരസൂചകം പഠിപ്പിക്കണം. ഒരു ടീച്ചർ നിഖാബ് ധരിക്കുകയാണെങ്കിൽ, അവർ എങ്ങനെ പഠിപ്പിക്കും, കുട്ടികൾ എന്ത് കാണും. അതുകൊണ്ടാണ് ഈ ഉത്തരവ് പാസാക്കിയതതെന്നും സർക്കുലർ അധ്യാപകർക്ക് മാത്രമുള്ളതാണെന്നും സൈനിക വക്താവ് അറിയിച്ചു.