ന്യൂഡല്‍ഹി: രാജ്യത്തെ കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ആദ്യമായി പ്രതികരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സൈസ് തീരുവ കുറയ്ക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് തീരുവ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവിലയുടെ എക്‌സൈസ് തീരുവ കുറയ്ക്കുകയും സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഞാന്‍ ആരെയും വിമര്‍ശിക്കുന്നില്ല. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാര്‍ഖണ്ഡ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ വാറ്റ് കുറയ്ക്കാനും ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളില്‍ പെട്രോളിനും ഡീസലിനും വില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഈ സംസ്ഥാനങ്ങള്‍ അവിടുത്തെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണിത്. അയല്‍ സംസ്ഥാനങ്ങളേയും ഇത് ബാധിക്കും. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുകയാണ്. കര്‍ണാടക നികുതി കുറച്ചില്ലായിരുന്നെങ്കില്‍ ആറ് മാസത്തിനുള്ള 5000 കോടിയുടെ അധിക വരുമാനം അവര്‍ക്ക് ഉണ്ടാകുമായിരുന്നു. ഗുജറാത്തും 3500 മുതല്‍ 4000 കോടി വരെ അധികവരുമാനം നേടുമായിരുന്നു. ഫെഡറലിസത്തിന്റെ സഹകരണ മനോഭാവത്തോടെയാണ് രാജ്യം കൊവിഡിനെ നേരിട്ടത്. നിലവിലുള്ള ‘യുദ്ധസമാന സാഹചര്യം’ പോലുള്ള ആഗോള പ്രശ്‌നങ്ങളുടെ ആഘാതം കണക്കിലെടുത്ത് സാമ്പത്തിക പ്രശ്‌നങ്ങളിലും അത്തരം സമീപനം സ്വീകരിക്കണം’- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

