വിമാനത്താവളത്തിലെ പക്ഷിക്കൂട്ടം സുരക്ഷാ ഭീഷണി; സര്‍ക്കാര്‍ ഇടപെടണമെന്ന് അദാനി ഗ്രൂപ്പ്‌

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തെ പക്ഷിക്കൂട്ടം വിമാനങ്ങള്‍ക്ക് ഭീഷണിയായി മാറിയെന്നും സമീപപ്രദേശങ്ങളിലെ അറവുമാലിന്യം നീക്കം ചെയ്യണമെന്നും സര്‍ക്കാരിനോടും നഗരസഭയോടും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്.

എയര്‍പോര്‍ട്ട് മതിലിനോട് ചേര്‍ന്നും അതിനടുത്ത പ്രദേശങ്ങളിലും പൊന്നറപാലത്തിനടുത്തെ തുറന്ന സ്ഥലത്തും ഇറച്ചിക്കടകളില്‍ നിന്നുള്ള മാലിന്യക്കൂമ്ബാരം കാരണം വിമാനങ്ങളുടെ സഞ്ചാരപാതയില്‍ ഇറച്ചിയുടെ അവശിഷ്ടം തിന്നാനെത്തുന്ന പരുന്ത്, പ്രാവ്, കാക്ക, കൊക്ക്, മൂങ്ങ എന്നിവയുടെ കൂട്ടം വിമാനങ്ങള്‍ക്ക് ഭീഷണിയാണ്. പക്ഷിയിടിച്ചാല്‍ വിമാനത്തിന്റെ എന്‍ജിന്‍ തകരാറി നിയന്ത്രണം തെറ്റാനുമിടയുണ്ട്. പതിനായിരം സര്‍വീസുകളില്‍ ഒറ്റ പക്ഷിയിടി മാത്രമാണ് അനുവദനീയം. അഞ്ചും ആറും പക്ഷിയിടി എല്ലാമാസവും ഉണ്ടാവുന്നു. ഇത് അപകടമായാണ് കണക്കാക്കുക. പക്ഷിയിടിച്ചാല്‍ രണ്ടുദിവസത്തിനകം ചെന്നൈയിലെ സിവില്‍ ഏവിയേഷന്‍ റീജിയണല്‍ എയര്‍ സേഫ്റ്റി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിന്റെ പകര്‍പ്പ് സിവില്‍ വ്യോമയാന ഡയറക്ടര്‍ക്ക് നല്‍കണം. വ്യോമയാന ഡയറക്ടറുടെ അന്വേഷണവുമുണ്ടാവും. സങ്കീര്‍ണമായ നടപടിക്രമങ്ങളില്‍ നിന്ന് രക്ഷപെടാന്‍ പക്ഷിയിടി പുറത്തറിയിക്കാതെ ഒതുക്കുകയാണ് പതിവ്. വിദേശ പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്യുമ്‌ബോള്‍ മാത്രമാണ് പക്ഷിയിടി ഔദ്യോഗികമാവുക. 2019ല്‍ 44വിമാനങ്ങളില്‍ പക്ഷിയിടിച്ചെങ്കിലും 28എണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

എയര്‍ക്രാഫ്റ്റ് റൂള്‍ പ്രകാരം വിമാനത്താവളത്തിന്റെ പത്ത് കിലോമീറ്റര്‍ പരിധിയില്‍ തുറന്ന അറവുശാലകളോ മാംസവില്‍പ്പന ശാലകളോ പാടില്ല. വിമാനങ്ങളെത്തുമ്‌ബോള്‍ വെടിശബ്ദം പുറപ്പെടുവിച്ച് പക്ഷികളെ തുരത്താന്‍ ‘ബേര്‍ഡ് ചേസേഴ്‌സ്’ എന്ന പേരില്‍ കരാറുകാരുണ്ട്. പക്ഷേ വെടിശബ്ദം കേട്ട് പക്ഷികള്‍ റണ്‍വേയ്ക്കടുത്തേക്ക് കൂട്ടമായെത്തുന്നതും അപകടകരമാണ്. വിമാനത്തില്‍ പക്ഷിയിടിച്ചാല്‍, വിമാനത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാവും. തീപിടിക്കാനുള്ള സാദ്ധ്യതയേറുകയും ഡിജിറ്റല്‍ നിയന്ത്രണ സംവിധാനം തകരാറിലാവുകയും ചെയ്യും. ഇതോടെ വിമാനക്കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടാവും. ബഹ്റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ പക്ഷിയിടിച്ച് തിരിച്ചിറക്കി. ലാന്‍ഡിംഗിനിടെ സൗദി എയര്‍ലൈന്‍സില്‍ പരുന്തുകളിടിച്ചു. ഇന്‍ഡിഗോ വിമാനത്തിലും പക്ഷിയിടിച്ചെങ്കിലും തകരാറുണ്ടായില്ല. സിംഗപ്പൂര്‍ വിമാനത്തില്‍ പക്ഷിയിടിച്ച് യന്ത്രത്തകരാറുണ്ടായി. പക്ഷികളെ തുരത്താന്‍ വെടിശബ്ദം പുറപ്പെടുവിക്കുന്നു. നിരീക്ഷണത്തിന് ടവറുകളുമുണ്ട്. പക്ഷിശല്യത്തിന് സര്‍ക്കാര്‍ അടിയന്തരമായി പരിഹാരമുണ്ടാക്കണം. ഗുരുതര സുരക്ഷാപ്രശ്‌നമാണിത്- അദാനി ഗ്രൂപ്പ് ഓര്‍മ്മിപ്പിച്ചു.