ന്യൂഡൽഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനായി എംപവേഡ് ആക്ഷൻ ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാലയാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കങ്ങൾ ആവിഷ്ക്കരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലടക്കം വിവിധ സംസ്ഥാനങ്ങളിൽ ബിജെപി നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തിൽ കോൺഗ്രസിനെ പുനരുജ്ജീവിക്കാൻ പ്രശാന്ത് കിഷോർ സമർപ്പിച്ച നിർദേശങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് കഴിഞ്ഞ ദിവസം യോഗം ചേർന്നരുന്നു. ഇതിന് പിന്നാലെയാണ് എംപവേഡ് ആക്ഷൻ ഗ്രൂപ്പ് രൂപീകരിക്കാൻ സോണിയ ഗാന്ധി നിർദേശം നൽകിയത്.
പ്രശാന്ത് കിഷോർ സമർപ്പിച്ച റിപ്പോർട്ടിൽ ഉന്നതതല യോഗം വിശദമായ ചർച്ച നടത്തിയെന്ന് സുർജെവാല അറിയിച്ചു. മുതിർന്ന നേതാക്കളായ എ കെ ആന്റണി, പി ചിദംബരം, കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തെങ്കിലും പ്രശാന്ത് കിഷോർ ചർച്ചയിൽ നിന്നും വിട്ടുനിന്നു. പ്രശാന്ത് കിഷോർ സമർപ്പിച്ച ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കാൻ കഴിയുന്നതും നേട്ടമുണ്ടാക്കാൻ സാധിക്കുന്നതുമാണെന്ന് യോഗം വിലയിരുത്തി.

