തിരുവനന്തപുരം: കെ റെയിൽ പദ്ധതി സംബന്ധിച്ച സെമിനാറിന്റെ അന്തിമപാനൽ തയ്യാറായി. ദേശീയ റെയിൽവേ അക്കാദമിയിലെ വകുപ്പു മേധാവി മോഹൻ എ.മേനോനാണു പുതിയ മോഡറേറ്റർ. വി.എസ്. അച്യുതാനന്ദന്റെ മുൻ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യുവിനെയും മോഡറേറ്ററായി നിശ്ചയിച്ചിരുന്ന ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ.കെ.പി.സുധീറിനെയും പാനലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനെയാണ് ജോസഫ് സി.മാത്യുവിനു പകരം ഉൾപ്പെടുത്തിയിട്ടുള്ളത്.
ജോസഫ് സി.മാത്യുവിനെ മാറ്റിയതിന്റെ കാരണം കെ റെയിൽ അധികൃതർ വെളിപ്പെടുത്തിയില്ല. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിനെ തിരക്കുമൂലം നേരത്തേ മാറ്റിയിരുന്നു. ഇദ്ദേഹത്തിനു പകരം സാങ്കേതിക സർവകലാശാല മുൻ വിസി ഡോ.കുഞ്ചെറിയ പി ഐസക്കിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
സെമിനാറിൽ പങ്കെടുക്കാൻ കെ റെയിൽ കോർപറേഷൻ ക്ഷണിച്ചിരുന്നതായി ജോസഫ് സി.മാത്യു നേരത്തെ അറിയിച്ചിരുന്നു. 28 ന് രാവിലെ 11 നു ഹോട്ടൽ താജ് വിവാന്തയിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. പദ്ധതിക്കെതിരെ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
റിട്ടയേർഡ് റെയിൽവേ ബോർഡ് മെബർ (എൻജിനീയറിങ്) സുബോധ് കുമാർ ജയിൻ, ഇന്ത്യൻ റെയിൽവേ റിട്ടയേർഡ് ചീഫ് എൻജിനീയർ അലോക് കുമാർ വർമ, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി ഐസക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, കണ്ണൂർ ഗവ. കോളജ് ഓഫ് എൻജിനീയറിങ് റിട്ട, പ്രിൻസിപ്പൽ ഡോ. ആർ.വി.ജി.മേനോൻ, പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട 50 പേർക്കും മാധ്യമങ്ങൾക്കും ചർച്ചയിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.

