ഹൈദരാബാദ്: ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സമിതി സമർപ്പിക്കുന്ന ശുപാർശകൾ അനുസരിച്ച് വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സുരക്ഷാ കാര്യങ്ങളിൽ കമ്പനികൾ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയാൽ അത്തരം കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് ഗതാഗത മന്ത്രി നൽകുന്ന മുന്നറിയിപ്പ്. ഇത്തരം കമ്പനികൾ നിർമ്മിച്ച മുഴുവൻ സ്‌കൂട്ടറുകളും തിരിച്ചുവിളിക്കാനും സർക്കാർ മടികാണിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പിഴ ഉൾപ്പെടെയുള്ള നടപടികളും ഇത്തരക്കാർക്കെതിരെ സ്വീകരിക്കും. അതേസമയം, ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളിൽ പലരുടെയും ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം അറിയിച്ചു.
തെലങ്കാനയിൽ കഴിഞ്ഞ ദിവസം ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80കാരൻ മരണമടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രതികരണം. തെലങ്കാനയിലെ നിസാമബാദ് സ്വദേശിയായ രാമസ്വാമിയാണ് ബാറ്ററി പൊട്ടിത്തെറിച്ച് മരിച്ചത്. രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകൻ പ്രകാശ്, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

