വിവേചനപരവും ഏകപക്ഷീയവും; കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിക്കെതിരെ വൃന്ദാ കാരാട്ട് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകളുമായി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നീക്കം നടത്തിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപടിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് സുപ്രീംകോടതിയില്‍. ഇന്നലെ നടന്ന പൊളിക്കല്‍ നടപടികള്‍ക്കിടെ തല്‍സ്ഥിതി തുടരാനാവശ്യപ്പെട്ട സുപ്രീംകോടതി ഉത്തരവുമായി വൃന്ദാകാരാട്ട് ജഹാംഗീര്‍പുരിയിലെത്തി പ്രതിഷേധിക്കുകയായിരുന്നു. സുപ്രീംകോടതി ഇന്ന് ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെയാണ് വൃന്ദാ കാരാട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

‘നടപടിക്രമങ്ങള്‍ പാലിക്കാതെയും ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കാതെയുമാണ് പൊളിക്കല്‍ നീക്കം ആരംഭിച്ചത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചട്ടത്തിനും ഭരണഘടന വ്യവസ്ഥകള്‍ക്കും വിരുദ്ധവും സ്വാഭാവിക നീതിയുടെയും എല്ലാ തത്വങ്ങളും ലംഘിക്കുന്നതായിരുന്നു നടപടികള്‍. വിവേചനപരവും ഏകപക്ഷീയവുമായ പൊളിക്കലിന്റെ മറവില്‍ ഒരു വര്‍ഗീയ രാഷ്ട്രീയ ഗെയിം പ്ലാന്‍ പ്രവര്‍ത്തിച്ചു. ജഹാംഗീര്‍പുരിയില്‍ താമസിക്കുന്നവരും ജോലിചെയ്യുന്നവരുമായ ആളുകള്‍ പൊതുവെ വളരെ പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ്. അവര്‍ ഇത്തരത്തിലുള്ള മനുഷ്യത്വവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികളെ ചെറുക്കാന്‍ കഴിവില്ലാത്തവരുമാണ്. ഇവിടെ താമസിക്കുന്ന ഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. വിവേചനപരമായി തിരഞ്ഞുപിടിച്ചാണ് അധികൃതര്‍ നടപടികള്‍ കൈക്കൊള്ളുന്നത്. പാവപ്പെട്ടവരുടെ ചെറിയ വീടുകളും കടകളും തകര്‍ത്തു. സുപ്രീംകോടതി 10:45 ാമത് സ്ഥിതി തുടരണമെന്ന് ഉത്തരവിട്ടെങ്കിലും പൊളിക്കല്‍ നടപടി 12:.25 വരെ തുടര്‍ന്നു.’-വൃന്ദാ കാരാട്ട് ഹര്‍ജിയില്‍ വ്യക്തമാക്കി.