എൽഡിഎഫ് പ്രവേശന വിഷയത്തിൽ ആദ്യം നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലിം ലീഗ്; ഇ പി ജയരാജൻ

തിരുവനന്തപുരം: എൽഡിഎഫ് പ്രവേശന വിഷയത്തിൽ ആദ്യം നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലിം ലീഗാണെന്ന് നിയുക്ത എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുസ്ലിം ലീഗിൽ പ്രതിസന്ധിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വിപുലീകരിക്കുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയുടെ നിയമനത്തിൽ പാർട്ടിക്കകത്ത് ഭിന്നതയുമില്ല. പി ശശിയുടെ നിയമനം സംബന്ധിച്ച് ഒരു വിവാദവും ഇല്ല. എല്ലാ കാര്യങ്ങളും ഏകകണ്ഠമായാണ് പാർട്ടിയിൽ തീരുമാനിച്ചിട്ടുള്ളത്. മറ്റെല്ലാം തെറ്റായ പ്രചാരണങ്ങളാണ്. ഓരോരുത്തർക്കുമുള്ള അഭിപ്രായങ്ങൾ വ്യത്യാസമാണെങ്കിലും തീരുമാനങ്ങളെടുക്കുന്നത് ഐക്യകണ്ഠേനയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഒരു പ്രശ്നത്തെ അടിസ്ഥാനമാക്കി നടപടിയെടുത്താൽ ആ നടപടി ആജീവനാന്തം തുടരുന്നതല്ല പാർട്ടി നയം. അതാരുടെയും ജീവിതം നശിപ്പിക്കാനല്ല. തെറ്റ് തിരുത്തി എല്ലാവരെയും ശരിയായ പാതയിലേക്ക് നയിക്കാനുള്ളതാണ് പാർട്ടിയിലെ അച്ചടക്കനടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യുഡിഎഫ് വിട്ട് പോകുന്ന കാര്യത്തെക്കുറിച്ച് മുസ്ലീം ലീഗ് ആലോചിച്ചിട്ടേയില്ലെന്ന് നേരത്തെ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചിരുന്നു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തിൽ നിരാശയുണ്ടെന്നും ദേശീയ തലത്തിൽ മതേതര കക്ഷികൾ ഒന്നിച്ച് നിൽക്കണമെന്ന സന്ദേശമാണ് ഒടുവിൽ വന്ന തിരഞ്ഞെടുപ്പ് ഫലമടക്കം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.