നേമത്ത് വി ശിവൻ കുട്ടിയും ചെങ്ങന്നൂരിൽ സജി ചെറിയാനും ജയിച്ചത് എസ്ഡിപിഐ വോട്ട് വാങ്ങി; അഡ്വ ജയശങ്കർ

കൊച്ചി: വി ശിവൻകുട്ടിയ്ക്കും സജി ചെറിയാനുമെതിരെ ഗുരുതര ആരോപണങ്ങളുമായി അഡ്വ. ജയശങ്കർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് വി. ശിവൻ കുട്ടിയും ചെങ്ങന്നൂരിൽ സജി ചെറിയാനും ജയിച്ചത് എസ്ഡിപിഐ വോട്ട് വാങ്ങിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പുകളിൽ സിപിഎം എസ്ഡിപിഐയുടെ സഹായം കൈപ്പറ്റുന്നുണ്ട്. അതുകൊണ്ടാണ് സിപിഎം അവരെ എതിർക്കാൻ ഭയപ്പെടുന്നതെന്നും പത്തനംതിട്ട നഗരസഭ സിപിഎമ്മും എസ്ഡിപിഐയും ഒരുമിച്ചാണ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ വർഗീയതയാണ് കൂടുതൽ എതിർക്കപ്പെടേണ്ടതെന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദന്റെ അഭിപ്രായത്തോട് പൂർണമായി യോജിക്കാൻ കഴിയില്ല. എല്ലാ തരത്തിലുള്ള വർഗീയതകളും ഒരേ പോലെ എതിർക്കപ്പെടേണ്ടതാണ്. കേരളത്തിലെ ഇടത് പക്ഷവും യുഡിഎഫും തരം പോലെ ന്യൂനപക്ഷ വർഗീയതയുടെ ഗുണഭോക്താക്കളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമാ അത്തെ ഇസ്ലാമി 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നതാണ്. 2021 ൽ അവർ യുഡിഎഫുമായി സഹകരണത്തിൽ ആയിരുന്നു. ഇതോടെയാണ് സിപിഎമ്മിന് വെൽഫെയർ പാർട്ടി കൊള്ളരുതാത്തവർ ആയത്. അതുവരെ ഇരുപാർട്ടികളും പരസ്പരം പിന്തുണച്ചിരുന്നെന്നും അദ്ദേഹം അറിയിച്ചു.