‘ദി ഡല്‍ഹി ഫയല്‍സ്’: പുതിയ ചിത്രവുമായി വിവേക് അഗ്നിഹോത്രി

പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ‘ദി ഡല്‍ഹി ഫയല്‍സ്’ എന്നാണ് പുതിയ സിനിമയുടെ പേര്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവേക് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കാശ്മീര്‍ ഫയല്‍സിനെ ഏറ്റെടുത്ത എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് പുതിയ സിനിമയെ പറ്റിയുള്ള പോസ്റ്റ്.

‘കഴിഞ്ഞ നാലു വര്‍ഷം അങ്ങേയറ്റം സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും കഠിനാധ്വാനം ചെയ്തു. കാശ്മീര്‍ ഹിന്ദുക്കള്‍ അനുഭവിച്ച യാതനകളെ പറ്റി മറ്റുള്ളര്‍ ബോധവാന്മാരാവേണ്ടത് പ്രധാനമായിരുന്നു. കശ്മീര്‍ ഫയല്‍സിനെ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി. ‘ദി ഡല്‍ഹി ഫയല്‍സ്’ എന്ന പുതിയ ചിത്രത്തിന്റെ പണിയിലാണ് ഞാന്‍’- വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ആരും പറയാത്ത കഥകള്‍ എന്ന ആശയത്തിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ് ‘ദി ഡല്‍ഹി ഫയല്‍സ്’. സത്യത്തിനുള്ള അവകാശം എന്ന ടാഗ് ലൈനില്‍ വന്ന ‘ദി തഷ്‌കെന്ത് ഫയല്‍സ്’, നീതിക്കുള്ള അവകാശം എന്ന വിശേഷണത്തോടെ അടുത്തിടെ പുറത്തിറങ്ങിയ ‘ദി കാശ്മീര്‍ ഫയല്‍സ്’ എന്നിവയാണ് ആദ്യത്തെ രണ്ട് ചിത്രങ്ങള്‍. ജീവിക്കാനുള്ള അവകാശം എന്ന വിശേഷണത്തിലാണ് മൂന്നാമത്തെ ചിത്രമായ ‘ദി ഡല്‍ഹി ഫയല്‍സ്’ തയ്യാറാകുന്നത്.