കൊച്ചി: നടി കാവ്യ മാധവനെ ബുധനാഴ്ച്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കില്ലെന്ന് റിപ്പോർട്ട്. ആലുവയിലെ വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസിലെ തുടർ നടപടികളുടെ കാര്യത്തിൽ അന്വേഷണസംഘം നിയമോപദേശം തേടിയിരിക്കുകയാണ്. പത്മസരോവരം വീട്ടിൽവെച്ച് ചോദ്യം ചെയ്യണമെന്നാണ് കാവ്യ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ ആവശ്യം അന്വേഷണ സംഘം തള്ളി. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം എഡിജിപിയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിൽ യോഗം ചേർന്നിരുന്നു.
ദിലീപിന്റെ സഹോദരൻ അനൂപിനേയും സഹോദരി ഭർത്താവ് സുരാജിനേയും ബുധനാഴ്ച ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിനായി ഇവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. അന്വേഷണ ഉദ്യോഗസ്ഥനാണ് വിചാരണക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ദിലീപ് തെളിവുകൾ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് ഹർജിയിൽ പറയുന്നത്.
2017 ൽ ഹൈക്കോടതി ജാമ്യം നൽകിയത് കേസിനെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ്. ഈ വ്യവസ്ഥയിൽ ലംഘനമുണ്ടായെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതി മുമ്പാകെ ഹാജരായി.

