കാബൂൾ: പാകിസ്താനുമായുള്ള തർക്കം നയതന്ത്രത്തിലൂടെ പരിഹരിക്കുമെന്ന് താലിബാൻ. പാകിസ്താൻ സേനയും താലിബാനും തമ്മിൽ സൈനിക ഏറ്റുമുട്ടലുണ്ടായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പ്രശ്നം നയതന്ത്രത്തിലൂടെ പരിഹരിക്കുമെന്ന് താലിബാൻ അറിയിച്ചത്.
അടുത്തിടെ നിംറോസ് പ്രവിശ്യയിൽ പാകിസ്ഥാൻ സേനയുടെ ഹെലികോപ്റ്ററിന് നേരെ താലിബാൻ വെടിയുതിർത്തിരുന്നു. ഇതിൽ തിരിച്ചടിക്കാനായി പാകിസ്താൻ സേന തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്റെ പ്രതികരണവുമായി രംഗത്തെത്തിയത്.
അതേസമയം, ഹെലികോപ്റ്റർ ആക്രമണത്തിൽ ഒരു പാക് സൈനിക ജനറലിന് പരിക്കേറ്റതായാണ് വിവരം. ഇസ്ലാമിക് എമിറേറ്റ് എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെയും ധാരണയിലൂടെയും പരിഗണിക്കുമെന്നും താലിബാൻ ഡെപ്യൂട്ടി വക്താവ് ബിലാൽ കരിമി വ്യക്തമാക്കിയതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

