കെജിഎഫ്-2ഉം ബീസ്റ്റും ‘ജേഴ്‌സി’ക്ക് ഭീഷണിയോ?

പ്രധാന തെന്നിന്ത്യന്‍ റിലീസുകള്‍ കാരണം മറ്റൊരു ബോളിവുഡ് ചിത്രം കൂടി റിലീസ് നീട്ടിവച്ചിരിക്കുകയാണ്. ഷാഹിദ് കപൂര്‍ നായകനായ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ജേഴ്‌സിയാണ് നിലവിലെ റിലീസ് തീയതി നീട്ടിയിരിക്കുന്നത്. ഇത് അഞ്ചാമത്തെ തവണയാണ് ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നത്. ഏപ്രില്‍ 14ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം ഏപ്രില്‍ 22ലേക്കാണ് മാറ്റിയിരിക്കുന്നത്. ഇതിന്റെ കാരണം നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും രണ്ട് പ്രധാന തെന്നിന്ത്യന്‍ റിലീസുകളുമായി ഉണ്ടാവുന്ന മത്സരം ഒഴിവാക്കാനാണ് ഇതെന്നാണ് സിനിമാലോകത്തിന്റെ നിരീക്ഷണം.

കന്നഡ ചിത്രം കെജിഎഫ് 2 ന്റെ റിലീസ് ഏപ്രില്‍ 14ന് ആണ്. വിജയ് നായകാവുന്ന തമിഴ് ചിത്രം ബീസ്റ്റിന്റെ റിലീസ് 13നും. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ സമീപകാലത്ത് മികച്ച ബോക്‌സ് ഓഫീസ് വിജയം നേടുന്നുണ്ട്. പുഷ്പ, വലിമൈ, ആര്‍ആര്‍ആര്‍ എന്നിവയുടെ ഹിന്ദി പതിപ്പുകളൊക്കെ ഇത്തരത്തില്‍ മികച്ച വിജയം നേടിയിരുന്നു. തെലുങ്ക് സംവിധായകന്‍ ഗൗതം തിണ്ണനുറിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ജേഴ്‌സി. നാനിയെ നായകനാക്കി ഗൗതം 2019ല്‍ തെലുങ്കില്‍ ഒരുക്കിയ ഇതേപേരുള്ള ചിത്രത്തിന്റെ റീമേക്ക് ആണ് ചിത്രം.

നേരത്തെ 2020 ഓഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നീണ്ടുപോയി. മൃണാള്‍ താക്കൂര്‍ ആണ് നായിക. റോണിത് കംറ, ഷരദ് കേല്‍ക്കര്‍, പങ്കജ് കപൂര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കബീര്‍ സിംഗിന്റെ വന്‍ വിജയത്തിനു ശേഷം ഷാഹിദിന്റേതായി റിലീസ് ചെയ്യപ്പെടുന്ന ചിത്രവുമാണിത്.