കണ്ണൂർ: കോൺഗ്രസിനെതിരെ പരിഹാസവുമായി മുൻ മന്ത്രിയും സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് നേതാക്കളെ വിലക്കിയതിനാണ് എംഎം മണി കോൺഗ്രസിനെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. പൊട്ടൻ ആനയെ കണ്ടതുപോലെയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സോണിയാ ഗാന്ധിയെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വർഗീയതയ്ക്കെതിരേ പൊരുതുന്നതിൽ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്. അതുകാണാതെ സോണിയാ ഗാന്ധിയോ സുധാകരനോ എന്തെങ്കിലും കാണിച്ചാൽ പൊട്ടൻ ആനയെ കണ്ടപോലെയാണെന്നും അതെല്ലാം വിഡ്ഢിത്തമാണെന്നും എംഎം മണി വ്യക്തമാക്കി. ഗാന്ധി ഘാതകരുടെ കൈയിൽ രാജ്യത്തെ കൊണ്ടെത്തിച്ചത് 60 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് നേതൃത്വമാണ്. ഗാന്ധി പ്രതിമയുടെ തൊട്ടടുത്ത് ഗാന്ധി ഘാതകരുടെ പ്രതിമ സ്ഥാപിച്ച സാഹചര്യമുണ്ടാക്കിയതും കോൺഗ്രസാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സി.പി.എമ്മിനെതിരെ പിരഹാസവുമായി കഴിഞ്ഞ ദിവസം കെ സുധാകരനും രംഗത്തെത്തിയിരുന്നു. ബി.ജെ.പി. വിരുദ്ധ വിശാലസഖ്യത്തിൽ ചേരണോ എന്നു തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്ന സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ പ്രസ്താവനയ്ക്കെതിരേയായിരുന്നു സുധാകരന്റെ പ്രതികരണം. എസ്.ആർ.പി.യുടെ നിബന്ധന ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിക്കുന്ന പോലെയാണെന്നായിരുന്നു സുധാകരൻ നൽകിയ മറുപടി.

