തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ അരങ്ങേറുക വിപുലമായ കലാപരിപാടികൾ. എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ പ്രദർശന മേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ദിവസമായ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് കേരളത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങിന് ശേഷം, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മിഥുൻ ജയരാജ് അവതരിപ്പിക്കുന്ന ‘ശ്രുതി മധുരം’ മിഥുൻ ജയരാജ് ഷോ അരങ്ങേറും. ഉദ്ഘാടന ചടങ്ങിന് മുമ്പായി വൈകിട്ട് 4.30 ന് ഗ്രാമ്യ നിടുവാലൂർ അവതരിപ്പിച്ച നാടൻ പാട്ട് അരങ്ങേറി.
കേരള ക്ഷേത്ര കലാ അക്കാദമി അവതരിപ്പിക്കുന്ന പഞ്ചവാദ്യവും അരങ്ങേറി. പൊലീസ് മൈതാനിയിലെ ‘എന്റെ കേരളം’ അരങ്ങിൽ എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് കലാ സാംസ്കാരിക സന്ധ്യ അരങ്ങേറും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ പങ്കാളിത്തത്തോടെ സർക്കാരിന്റെ വിവിധ വകുപ്പുകൾ ചേർന്ന് സർക്കാരിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും ഭാവി കാഴ്ച്ചപ്പാടും പ്രതിഫലിക്കുന്ന രീതിയിൽ പ്രദർശനം സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

