ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കെ-റെയിൽ സർവേക്കെതിരായ പ്രതിഷേധത്തിനിടെ പിഴുതെറിഞ്ഞ അടയാളക്കല്ലുകൾ നാട്ടുകാർ പുനഃസ്ഥാപിച്ചു. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ പിഴുതെറിഞ്ഞ കല്ലുകളാണ് നാട്ടുകാർ പുനഃസ്ഥാപിച്ചത്. മന്ത്രി സജി ചെറിയാൻ സ്ഥലത്ത് നേരിട്ടെത്തി നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് നാട്ടുകാർ കെ റെയിൽ അടയാളക്കല്ലുകൾ പുന:സ്ഥാപിച്ചത്. ചെങ്ങന്നൂരിലെ 20 വീടുകളിൽ സന്ദർശനം നടത്തി മന്ത്രി കാര്യങ്ങൾ നേരിട്ട് വിശദീകരിച്ച് നൽകി.
അതേസമയം, കെ-റെയിലുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തിന് വിഴുങ്ങേണ്ടിവരുമെന്ന് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. ചെങ്ങന്നൂരിലെ നാട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വളരെ ബോധപൂർവമായി തെറ്റായ പ്രചാരണമാണ് നടത്തിയത്. എന്തെല്ലാം തെറ്റിദ്ധാരണകളാണ് അവർ പരത്തിയത്. ഇന്ന് സന്ദർശിച്ച വീടുകളിലെയെല്ലാം താമസക്കാരുടെ തെറ്റിദ്ധാരണ മാറ്റി. അവർ തന്നെ മുൻകൈയ്യെടുത്താണ് പിഴുതുമാറ്റിയ കല്ലുകൾ പുനഃസ്ഥാപിച്ചതെന്നും ഇന്ത്യയിലെ പരമോന്നത നീതിപീഠം പറഞ്ഞ കാര്യങ്ങൾ പുറത്തുവന്നതോടെ സമരക്കാർ പറഞ്ഞ മുഴുവൻ കാര്യങ്ങളും വിഴുങ്ങേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, നാട്ടുകാരെ മന്ത്രി സജി ചെറിയാൻ ഭീഷണിപ്പെടുത്തുന്നുവെന്നാണ് കെ-റെയിൽ സമര സമിതി നേതാവ് സിന്ധു ജയിംസിന്റെ ആരോപണം. ഒരാളെപ്പോലും സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. തങ്ങൾക്ക് പകരം വീട് ഉറപ്പാക്കിയാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറൂവെന്നും സിന്ധു ജയിംസ് പറഞ്ഞു.

