തിരുവന്തപുരം: സിൽവർലൈൻ വിരുദ്ധ സമരത്തിൽ മുസ്ലിം ലീഗും സജീവമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പദ്ധതിയുടെ സാമ്പത്തിക ബാധ്യത സർക്കാരിന് താങ്ങാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരമല്ലെന്നും ഇരകളാണ് സമരം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കെ റെയിലിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. പിറവത്ത് നടക്കുന്ന സിൽവർ ലൈൻ കല്ലിടലിനെതിരെ അനൂപ് ജേക്കബ് എംഎൽഎ രംഗത്തെത്തി. കല്ലിടുന്നത് എവിടെയെന്നുപോലും ഉദ്യോഗസ്ഥർ അറിയിക്കുന്നിലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം നടപടികൾ ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കുന്നുവെന്നും കെ റെയിൽ എംഡിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരും പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി കേരളത്തിൽ നടപ്പിലാകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ. ജനങ്ങളുടെ പ്രതിഷേധം സർക്കാർ അപമാനമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

