ബംഗളൂരു: വിക്ഷേപണ വാഹനത്തിന്റെ ക്രയോജനിക് ഘട്ടത്തിലാണ് ജിഎസ്എല്‍വി എഫ് 10 ദൗത്യം പരാജയപ്പെട്ടതെന്ന് ഐഎസ്ആര്‍ഒയുടെ പഠന സമിതി റിപ്പോര്‍ട്ട്. ശ്രീഹരിക്കോട്ടയില്‍ നിന്ന് 2021 ആഗസ്റ്റ് 12നാണ് ഇഒഎസ് 03 എന്ന അത്യാധുനിക ഭൗമനനിരീക്ഷണ ഉപഗ്രഹവുമായി ജിഎസ്എല്‍വി എഫ് 10 വിക്ഷേപിച്ചത്. വിക്ഷേപണം കഴിഞ്ഞ് 297-ാം സെക്കന്‍ഡിലാണ് ക്രയോജനിക് ഘട്ടത്തില്‍ സാങ്കേതിക പ്രശ്നമുണ്ടായത്. 307-ാം സെക്കന്‍ഡില്‍ റോക്കറ്റിലെ കമ്പ്യൂട്ടര്‍ ദൗത്യം അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാനായി വിശദമായ പരിശോധന നടത്തി. കമ്പ്യൂട്ടര്‍ സിമുലേഷനിലൂടെ സാഹചര്യങ്ങള്‍ പുനസൃഷ്ടിച്ചു. ജിഎസ്എല്‍വി എഫ് 10 വിക്ഷേപണത്തിന് ശേഷം ദ്രവീകൃത ഹൈഡ്രജന്‍ സൂക്ഷിക്കുന്ന ഇന്ധന ടാങ്കില്‍ മര്‍ദ്ദ വ്യതിയാനമുണ്ടായെന്ന് സമിതി കണ്ടെത്തി. എഞ്ചിന് കത്തി തുടങ്ങിയപ്പോള്‍ മര്‍ദ്ദ വ്യതിയാനം പ്രതിസന്ധിയായി. ഫ്യൂവല്‍ ബൂസ്റ്റര്‍ ടര്‍ബോ പമ്പിന്റെ പ്രവര്‍ത്തനവും പാളി. എഞ്ചിന് ത്രസ്റ്റ് ചേമ്പറിലേക്ക് ആവശ്യത്തിന് ഇന്ധനം എത്തിയില്ല. ഇതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് സമിതി കണ്ടെത്തി. ദ്രവീകൃത ഇന്ധന ടാങ്കിലെ മര്‍ദ്ദം കുറയാന്‍ കാരണം റിലീഫ് വാള്വിലുണ്ടായ ചോര്‍ച്ചയാണെന്നാണ് സമിതി കണ്ടെത്തിയത്.
വിക്രം സാരാഭായി യുടെ 102-ആം ജന്മദിനത്തില് ആയിരുന്നു ജിഎസ്എല്‍വി എഫ് 10 വിക്ഷേപണം. സാങ്കേതിക പ്രശ്നങ്ങള്‍ മൂലം രണ്ട് വട്ടം മാറ്റി വച്ച വിക്ഷേപണമായിരുന്നു ഇത്.

