ന്യൂഡല്‍ഹി: കെ-റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ‘പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം നഷ്ടമായി. മാനസികനില തെറ്റിയ ആളെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രി പച്ചക്കള്ളമായിരുന്നു പറഞ്ഞത് എന്നതിന്റെ തെളിവാണ് പദ്ധതി ചെലവിനെ കുറിച്ചുള്ള റെയില്‍വേ മന്ത്രിയുടെ പ്രസ്താവന. ഡല്‍ഹി പോലീസ് യുഡിഎഫ് എംപിമാരെ മര്‍ദ്ദിച്ചതില്‍ മുഖ്യമന്ത്രി സന്തോഷിക്കുന്നു. സിപിഎം ചെയ്ത മുന്‍കാല സമരങ്ങളെ പോലും തളളി പറയുന്ന സമീപനമാണ് പിണറായിയുടേത്. എം.പിമാരോട് ഐഡി കാര്‍ഡ് ചോദിച്ചിട്ടില്ല. പോലീസ് കള്ളം പറയുകയാണ്’- മുരളീധരന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദവുമായി മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിയെ കണ്ടിരുന്നു. അനുഭാവപൂര്‍ണമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും കേന്ദ്രാനുമതി വേഗത്തിലാക്കാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇന്നലെ അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിക്കൊപ്പം നില്‍ക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുന്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ പദ്ധതിക്കനുകൂലമായി സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ഡിപിആറിലെ അവ്യക്തതകള്‍ പരിഹരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കാമെന്നല്ലാതെ പ്രധാനമന്ത്രി പ്രത്യേകിച്ച് ഒരുറപ്പും നല്‍കിയില്ല. അതേസമയം, ഒരു ലക്ഷം കോടിക്ക് മുകളില്‍ പദ്ധതിക്ക് ചെലവാകുമെന്നും സാങ്കേതിക, പരിസ്ഥിതി പ്രശ്‌നങ്ങള്‍ മുന്നിലുണ്ടെന്നുമുള്ള റെയില്‍വേ മന്ത്രിയുടെ പ്രസ്താവനയിലൂടെ കേന്ദ്ര നിലപാടില്‍ മാറ്റമില്ലെന്നാണ് സൂചന.

