ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ. ലഡാക്ക് അതിർത്തിയിലെ ഇന്ത്യ- ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഒരു ഉന്നത നയതന്ത്ര പ്രതിനിധി ഇന്ത്യാ സന്ദർശനത്തിനായി എത്തിയത്. അഫ്ഗാൻ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം ഡൽഹിയിലെത്തിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതിർത്തി തർക്കത്തെ തുടർന്ന് ഇന്ത്യ – ചൈന ബന്ധം ഏതാനും നാളുകളായി വഷളായിരുന്നു. ഗാൽവാനിലെ ഏറ്റുമുട്ടലിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും വിള്ളലുകൾ വീണു. പിന്നീട് നിരവധി തവണ സമാധാന ചർച്ചകൾ നടന്നിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യീ കൂടിക്കാഴ്ച്ച നടത്തുമെന്ന വിവരവും പുറത്തു വരുന്നുണ്ട്.
നേരത്തെ മോസ്കോയിലും ദുഷാൻബെയിലും വച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കർ വാങ് യീയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഒരു ഉച്ചക്കോടിയുടെ ഭാഗമായി ഇരുനേതാക്കളും മോസ്കോയിൽ വെച്ച് ചർച്ച നടത്തിയിരുന്നു.

