‘ക്യാപ്റ്റന്‍ കൂള്‍’ അല്ല; ജഡേജ ചെന്നൈയുടെ പുതിയ ക്യാപ്റ്റന്‍

ഐപിഎല്ലിന്റെ 15ആം സീസണ്‍ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് എം.എസ് ധോണി. നായക സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച ധോണി നായക സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറുകയാണെന്നും പ്രഖ്യാപിച്ചു. ധോണിക്ക് ശേഷം ചെന്നൈയുടെ നായകനാകുന്ന രണ്ടാമത്തെ കളിക്കാരനാണ് ജഡേജ.

ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് പുതിയ ക്യാപ്റ്റനെ ചെന്നൈ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്നും, നായക സ്ഥാനം ജഡേജക്ക് കൈമാറാനുള്ള തീരുമാനം ധോണിയുടേതാണെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു ധോണി. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച അദ്ദേഹം, രോഹിത് ശര്‍മക്കുശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ക്യാപ്റ്റനാണ്.