തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ബഫർ സോണായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നൽകുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി കെ റെയിൽ. ബഫർ സോണിന് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് കെ റെയിൽ വ്യക്തമാക്കി. ഏറ്റെടുക്കുന്ന സ്ഥലത്തിന് മാത്രം നഷ്ടപരിഹാരം നൽകാനാണ് തീരുമാനമെന്നും കെ റെയിൽ അറിയിച്ചു.
കെ റെയിൽ പാത കടന്നു പോകുന്ന സമതല പ്രദേശങ്ങളിൽ 15 മീറ്റർ വീതിയിലും കുന്നും മലയും ഉള്ളയിടങ്ങളിൽ 25 മീറ്റർ വീതിയിലുമാണ് സ്ഥലം ഏറ്റെടുക്കുന്നത്. എന്നാൽ, ബഫർസോൺ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അതത് ഭൂവുടമകൾക്ക് തന്നെയാണെന്ന് കെ റെയിൽ വ്യക്തമാക്കുന്നു. അതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നും കെ റെയിൽ അറിയിച്ചു.
പാത കടന്നു പോകുന്ന ഇരുവശത്തും പത്ത് മീറ്റർ സ്ഥലമാണ് ബഫർ സോണായി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ അഞ്ചു മീറ്ററിൽ മാത്രമാണ് ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നത്. 30 മീറ്ററാണ് ഇന്ത്യൻ റെയിൽവേയുടെ ബഫർ സോൺ. സുരക്ഷയും ഭാവി വികസനവും മുന്നിൽ കണ്ടാണ് ബഫർ സോൺ നിശ്ചയിക്കുന്നത്. കെ റെയിൽ അതിവേഗ പാതയായതിനായിൽ ബഫർ സോൺ പ്രദേശത്ത് അഞ്ച് മീറ്റർ വിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

