ന്യൂഡൽഹി: ബോയിങ് 737 വിമാനങ്ങളിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. ചൈനയിലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വിമാനങ്ങളുടെ പ്രവർത്തന ക്ഷമത വിലയിരുത്തുന്നതിനായി പ്രത്യേക സംഘങ്ങളെ അയക്കുകയും ചെയ്തിട്ടുണ്ട്.
വിമാനങ്ങളുടെ സുരക്ഷ ഏറെ പ്രധാനമാണെന്ന് ഇന്ത്യൻ വ്യോമയാന അതോറിറ്റിയായ ഡി.ജി.സി.എ. മേധാവി അരുൺ കുമാർ വ്യക്തമാക്കി. തങ്ങൾ സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അതിന്റെ ഭാഗമായി ബോയിങ് 737 വിമാനങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ചയാണ് ചൈന ഈസ്റ്റേൺ എയർലൈൻസ് ബോയിങ് 737-800 വിമാനം തകർന്നു വീണത്. 132 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അതേസമയം, അപകടത്തിന്റെ കാരണം വ്യക്തമല്ല. കുൻമിങിൽ നിന്നു ഗാങ്ഷോയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. വിമാനം കുത്തനെ താഴേക്ക് പതിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ചൈനയുമായി സഹകരിക്കുമെന്ന് വിമാന നിർമാതാക്കളായ ബോയിങ് അറിയിച്ചിട്ടുണ്ട്.

