ഐഎസ്എല്ലില്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍. ജംഷദ്പൂരിനെതിരെ സഹലിന്റെ ഒരു ഗോള്‍ ആണ് കേരള ബ്ലാസ്റ്റേഴിനെ മുന്നില്‍ എത്തിച്ചത്.
കേരള ബ്ലാസ്റ്റേഴ്‌സിന് അത്ര എളുപ്പമായിരുന്നില്ല ആദ്യ പകുതി. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ജംഷദ്പൂര്‍ തുടക്കത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് സമ്മര്‍ദ്ദം നല്‍കി. ചിമ ചിക്വുവിന് രണ്ട് നല്ല അവസരങ്ങള്‍ ലഭിച്ചു എങ്കിലും രണ്ടും താരത്തിന് ടാര്‍ഗറ്റിലേക്ക് അടിക്കാന്‍ ആയില്ല.
കേരള ബ്ലാസ്റ്റേഴ്‌സിന് അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല. ലൂണയുടെ ഒരു കോര്‍ണറില്‍ നിന്നായിരുന്നു ആദ്യ മികച്ച അവസരം വന്നത്. പക്ഷെ ഹാര്‍ട്‌ലിയുടെ ഹെഡര്‍ ആ അവസരം ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് തട്ടിയെടുത്തു. 34ആം മിനുട്ടില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് മുബഷിറിലൂടെ മറ്റൊരു സുവര്‍ണ്ണാവസരം ജംഷദ്പൂരിന് ലഭിച്ചു. ഇത്തവണയും അവര്‍ക്ക് ടാര്‍ഗറ്റ് കണ്ടെത്താന്‍ ആവാനായില്ല. 38-ാം മിനുട്ടില്‍ വാസ്‌കസിന്റെ സഹലിനായുള്ള പാസ് രക്ഷപ്പെടുത്തുന്നതില്‍ ജംഷദ്പൂര്‍ ഡിഫന്‍സിന് പിഴച്ചു. ലൈന്‍ വിട്ട് കയറി വന്ന രഹ്നേഷിനെ ചിപ്പ് ചെയ്ത് സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സിന് ലീഡ് നല്‍കി. കേരള ബ്ലാസ്റ്റേഴ്‌സ് 1-0 ജംഷദ്പൂര്‍. ഈ ലീഡ് നിലനിര്‍ത്തി ആദ്യ പാദ സെമി തങ്ങളുടേതാക്കി മാറ്റാന്‍ ആകും കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക.

