അമൃത്സർ: പഞ്ചാബിലെ വിജയത്തിൽ പ്രതികരണവുമായി ആംആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ. പഞ്ചാബ് ഭരണം കിട്ടിയതോടെ ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ആംആദ്മി പാർട്ടി പുതിയ പ്രതിപക്ഷമാകുമെന്നും അദ്ദേഹം അറിയിച്ചു.
ആം ആദ്മി പാർട്ടിക്ക് ഇതൊരു മഹത്തായ ദിനമാണ്. ഇന്ന് തങ്ങൾ ഒരു ദേശീയ പാർട്ടിയായി മാറിയിരിക്കുന്നു. ഇനി പ്രാദേശിക പാർട്ടിയല്ല. ദേശീയ തലത്തിൽ എഎപിയായിരുക്കും കോൺഗ്രസിന് ബദലാവുക. ആയിരക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് അരവിന്ദ് കെജ്രിവാൾ. ദൈവം അനുഗ്രഹിച്ചാൽ അദ്ദേഹം ഈ രാജ്യത്തെ നയിക്കുമെന്നും പ്രധാനമന്ത്രിയാകുമെന്നും ഛദ്ദ വ്യക്തമാക്കി.
പഞ്ചാബിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും അതിന്റെ മഹത്വം പുനഃസ്ഥാപിക്കാനും ആം ആദ്മി പാർട്ടി ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കുമെന്നും ഛദ്ദ വിശദമാക്കി. പഞ്ചാബിലെ ജനങ്ങൾ കേജ്രിവാളിന്റെ പ്രവർത്തനങ്ങൾ കണ്ടിട്ടുണ്ട്, അവർ അത് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. അഞ്ച് പതിറ്റാണ്ടായി, പഞ്ചാബിലെ ജനങ്ങളെ അവർക്ക് അർഹമായ സൗകര്യങ്ങളിൽ നിന്നും മാറ്റി നിറുത്തിയിരുന്നു. ഇപ്പോൾ ജനങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. അതാണ് ഈ വിജയത്തിലൂടെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയ്ക്ക് പുറത്ത് ആദ്യമായാണ് മറ്റൊരു സംസ്ഥാനത്തിന്റെ അധികാരം ആംആദമി പാർട്ടിയ്ക്ക് ലഭിക്കുന്നത്. 2012 ലാണ് ആം ആദ്മി പാർട്ടി രൂപീകരിച്ചത്. കോൺഗ്രസിന്റെ തട്ടകമായിരുന്ന പഞ്ചാബിൽ പല പ്രമുഖരെയും പരാജയപ്പെടുത്തിയാണ് ആംആദ്മി വിജയിച്ചത്.

