സിൽവർലൈൻ പദ്ധതിക്കെതിരെ ബിജെപിയുടെ സമരപ്രഖ്യാപനം; ഇ ശ്രീധരനെ ചെയർമാനാക്കി സമരസമിതി രൂപീകരിച്ചു

കൊച്ചി: കേരളത്തെ രണ്ടായി വിഭജിക്കുന്ന സിൽവർലൈൻ പദ്ധതിക്കെതിരെ ബിജെപിയുടെ സമരപ്രഖ്യാപനം. മെട്രോമാൻ ഇ.ശ്രീധരനെ ചെയർമാനാക്കി സമരസമിതി രൂപീകരിച്ചു. ആയിരങ്ങളെ പങ്കെടുപ്പിച്ച് ഇന്നലെ രാവിലെ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച കെ.റെയിൽ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷൻ ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ അഭിമാന പദ്ധതിയായി പിണറായി സർക്കാർ ഉയർത്തിക്കാട്ടുന്ന സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി ദുരന്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിക്കായി ഗ്രൗണ്ട് സർവെ നടത്തിയിട്ടില്ല. എട്ടടി ഉയരത്തിൽ മതിൽ കെട്ടേണ്ടി വരുമെന്നും ഇത് കേരളത്തെ രണ്ടായി വിഭജിക്കുമെന്നും ഇത് പ്രകൃതിയുടെ സ്വാഭാവികമായ നീരൊഴുക്കിനെ തടയുകയും വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു .മതിലിന് മുകളിൽ വയർ ഫെൻസിങ് ആവശ്യമാണ്. ഒരു കിലോമീറ്റർ മതിൽ കെട്ടാൻ എട്ട് കോടി രൂപ വേണം. ഇത് ഡിപിആറിൽ വ്യക്തമാക്കിയിട്ടില്ല. പദ്ധതിക്ക് ആവശ്യമായ ഫ്ളൈ ഓവറുകൾ, സബ് വേകൾ ഇവയുടെ നിർമ്മാണ ചെലവും ഡിപിആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി ആഘാത പഠനം നടത്താത്തത് ഗുരുതര വീഴ്ചയെന്ന് അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഇ. ശ്രീധരൻ ചോദിച്ചു. സർക്കാർ എന്തിനാണ് വസ്തുതകൾ മറച്ചു വയ്ക്കുന്നുവെന്നും ചെലവ് കുറച്ചു കാണിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. പദ്ധതി നടപ്പാക്കിയാൽ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. നിലവിലെ എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതിയിൽ ഉടനീളം എണ്ണൂറോളം ആർ ഒ ബികൾ നിർമിക്കേണ്ടതായി വരും. ഇതിന് 16000 കോടി ചെലവ് വരും. ഇത് എസ്റ്റിമേറ്റിൽ ഇല്ല. സർക്കാർ ഗ്രൗണ്ട് സർവേ നടത്തിയിട്ടില്ല. 20,000ത്തിലധികം പേർ കുടിയൊഴുപ്പിക്കപ്പെടും. ചിലവാകുന്ന തുക, ആവശ്യമുള്ള ഭൂമി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ ഡിപിആറിൽ വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനോടകം തന്നെ അനുമതി ലഭിച്ച പദ്ധതികൾ നടപ്പിലാക്കാതെ സിൽവർലൈൻ പദ്ധതി നടപ്പിലാക്കണമെന്നത് സർക്കാരിന്റെ പിടിവാശിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ആവശ്യമായ പല പദ്ധതികളും നിർത്തിവച്ചു. ജനങ്ങൾക്ക് വേണ്ടിയല്ല കെ റെയിൽ പദ്ധതി. മറ്റു പല ലക്ഷ്യങ്ങളും പിന്നിലുണ്ട്. ജനക്ഷേമത്തിന് വേണ്ടിയാണെങ്കിൽ ആദ്യം നടപ്പിലാക്കേണ്ടത് നിലമ്പൂർ-നഞ്ചൻഗുഡ് റെയിൽവെ പദ്ധതിയാണ്. അത് നിർത്തിവെച്ചിരിക്കുകയാണ്. അതുപോലെ തന്നെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ പോലുള്ള പദ്ധതികളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും ഇ. ശ്രീധരൻ അഭിപ്രായപ്പെട്ടു.

2025 ൽ നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനം ഏജൻസിയുടെ അറിവില്ലായ്മയുടെ തെളിവാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഏജൻസിയായ ഡിഎംആർസിക്കു പോലും എട്ടുമുതൽ 10 വർഷം വരെ വേണ്ടിവരും പദ്ധതി പൂർത്തിയാക്കാൻ. ബിജെപി സംസ്ഥാന ഘടകത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി സിൽവർലൈൻ പദ്ധതിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര മന്ത്രി വി. മുരളീധരൻ, മുൻ എംഎൽഎ ഒ. രാജഗോപാൽ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സാഹിത്യകാരൻ കെ.എൽ മോഹനവർമ്മ ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭൻ എന്നിവരാണ് സമര സമിതിയുടെ രക്ഷാധികാരികൾ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണനെ സമര സമിതി ജനറൽ കൺവീനറായും തെരഞ്ഞെടുത്തു.