തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ ഇടുക്കി സിപിഎം സെക്രട്ടറിയുടെ പ്രകോപന പരാമർശത്തിനെതിരെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. തെരുവു ഗുണ്ടകളുടെ ഭാഷയിലാണ് സിപിഎം നേതാക്കൾ പ്രതികരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ഇടുക്കി സിപിഎം ജില്ല സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം സംഘർഷമുണ്ടാക്കാൻ പ്രേരിപ്പിക്കുകയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.
കാലന്റെ റോൾ കൈകാര്യം ചെയ്യുന്നത് തങ്ങളാണെന്ന തെറ്റിദ്ധാരണയാണ് സി.പി.എം നേതാക്കൾക്ക്. ഇതൊന്നും കേരളത്തിലെ കോൺഗ്രസിനു മുന്നിൽ വിലപ്പോകില്ല. കെ. സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാൻ കോൺഗ്രസുകാർ അനുവദിക്കില്ല. ഒരു ഭീഷണിയും വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇത് ഗുണ്ടാ രാഷ്ട്രീയമാണ്. ഒരോ ജില്ലകളിലും ഗുണ്ടകളെ സംരക്ഷിക്കുന്നത് ഇതുപോലുള്ള ജില്ലാ സെക്രട്ടറിമാരാണ്. മയക്കു മരുന്ന് സംഘങ്ങളെ വളർത്തുന്നതും സി.പി.എം നേതാക്കളാണ്. അവരുമായുള്ള ഇടപഴകൽ കൂടിയതു കൊണ്ടാണ് സി.പി.എം ജില്ലാ സെക്രട്ടറി തെരുവ് ഗുണ്ടയുടെ ഭാഷയിൽ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സുധാകരൻ നികൃഷ്ട ജീവിയാണെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്. ഈ വാക്ക് മലയാളം നിഘണ്ടുവിന് സംഭവന ചെയ്തത് പിണറായി വിജയനാണ്. നേതാക്കൻമാരാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്താൻ താഴെത്തട്ടിലുള്ള ആളുകളെയും പ്രേരിപ്പിക്കുന്നത്. പണ്ട് താമരശേരി ബിഷപ്പിനെതിരായ പരാമർശമാണ് ഇടുക്കി ജില്ലാ സെക്രട്ടറി ഇപ്പോൾ സുധാകരനെതിരെ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം ഭീഷണികൾക്ക് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

