കൊച്ചി: വധഗൂഢാലോചനക്കേസിൽ ദിലീപിനെതിരെ നിർണായക തെളിവുകൾ കണ്ടെത്തി ക്രൈംബ്രാഞ്ച്. ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈലിൽ നിന്നും നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ മുംബൈയിലെ ലാബിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫോൺ ഡേറ്റ പകർത്തിയ ഹാർഡ് ഡിസ്കിന്റെ മിറർ കോപ്പിയും ലാബ് തയ്യാറാക്കിയ ഫോറൻസിക് റിപ്പോർട്ടും ക്രൈംബ്രാഞ്ച് കണ്ടെത്തി. ആറ് മൊബൈൽ ഫോണുകൾ ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച് ദിലീപിനും സംഘത്തിനും നിർദ്ദേശം നൽകിയിരുന്നു.
നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് ദിലീപ് കോടതിയിൽ ഹാജരാക്കിയത്. ഈ സമയം കൊണ്ട് പ്രതികൾ തങ്ങളുടെ മൊബൈലിൽ നിന്നും നിർണായക വിവരങ്ങൾ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ മൊബൈൽ ഫോണുകൾ അയച്ച് പരിശോധിച്ചതിൽ നിന്നാണ് ഡേറ്റകൾ നശിപ്പിച്ച കാര്യം മനസിലായത്. തുടർന്ന് മൊബൈൽ ഫോണുകൾ മുംബൈയിലെ ലാബിലേക്ക് ക്രൈംബ്രാഞ്ച് സംഘം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
അഭിഭാഷക സംഘമാണ് ആറ് ഫോണുകളും കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് അയച്ചത്. അതിന്റെ കൊറിയർ സ്ലിപ്പും അന്വേഷണ സംഘം കണ്ടെത്തി. കേസിലെ തെളിവുകൾ നശിപ്പിച്ചതിന് ലാബിനെതിരെയും കേസെടുക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

