ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള രക്ഷാ ദൗത്യം ഓപ്പറേഷൻ ഗംഗ അന്തിമഘട്ടത്തിലേക്ക്. 83 വിമാനങ്ങളിലായി 17,400 ഇന്ത്യക്കാരെയാണ് രാജ്യത്ത് ഇതുവരെ തിരിച്ചെത്തിയത്. രണ്ട് വിമാനങ്ങളിലായി നാനൂറോളം പേർ കൂടി ചൊവ്വാഴ്ച്ച രാജ്യത്തേക്ക് തിരിച്ചെത്തും.
അതേസമയം സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. സുമിക്ക് തൊട്ടടുത്ത പോൾട്ടോവയിൽ നിന്നു പോയ നാല് ബസുകളിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും വഴിയിൽ സ്ഫോടനങ്ങൾ ഉണ്ടായ സാഹചര്യത്തിൽ രക്ഷാ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. കുട്ടികളോട് താമസ സ്ഥലത്ത് സുരക്ഷിതരായി ഇരിക്കണമെന്നാണ് യുക്രൈനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച നിർദ്ദേശം.
അതേസമയം, ഹംഗറി, റൊമാനിയ അതിർത്തിയിൽ നിന്ന് 3000ത്തോളം ഇന്ത്യക്കാരെ കൂടി മടക്കി കൊണ്ടുവരാൻ കഴിയുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ഓപ്പറേഷൻ ഗംഗയിൽ നേരിട്ട് പങ്കാളികളായ കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരിയും ജനറൽ വി.കെ.സിംഗും കഴിഞ്ഞ ദിവസം ഡൽഹിയിൽ മടങ്ങിയെത്തിയിരുന്നു.

