ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്നും ജനങ്ങൾക്ക് മാനസികമായ ആശ്വാസവും ലഭിക്കുന്നു; പ്രധാനമന്ത്രി

ന്യൂഡൽഹി: ജൻ ഔഷധി കേന്ദ്രങ്ങൾ കേവലം ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾക്ക് മരുന്ന് നൽകുന്ന സ്ഥലം മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരുന്നുകൾ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലമായതിനാൽ ജനങ്ങൾക്ക് ഇവിടങ്ങളിൽ നിന്ന് മാനസികമായ ആശ്വാസവും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജൻ ഔഷധി കേന്ദ്ര ഉടമകളും ഗുണഭോക്താക്കളുമായി വീഡിയോ കോൺഫറൻസ് മുഖേന ആശയവിനിമയം നടത്തവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഇതുവരെ 8,500 ജൻ ഔഷധി കേന്ദ്രങ്ങൾ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. ജൻ ഔഷധി കേന്ദ്രങ്ങൾ കേവലം ഗവൺമെന്റ് സ്റ്റോറുകൾ എന്നതിനപ്പുറം സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സ്ഥലമാണ്. ക്യാൻസർ, ക്ഷയം, പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള 800 ൽ അധികം മരുന്നുകളുടെ വില കേന്ദ്ര സർക്കാർ നിയന്ത്രിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഒരു രൂപ വിലയുള്ള സാനിറ്ററി നാപ്കിൻ വിജയമായതിനെക്കുറിച്ചും അദ്ദേഹം വീഡിയോ കോൺഫറൻസിൽ സംസാരിച്ചു. ഇത്തരത്തിലുള്ള സേവനങ്ങൾ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുന്നതിൽ അദ്ദേഹം സംതൃപ്തി അറിയിക്കുകയും ചെയ്തു.

സാധാരണക്കാരും ഇടത്തരക്കാരുമായ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന പ്രധാനപ്പെട്ട ഒരു തീരുമാനം കുറച്ച് ദിവസങ്ങൾക്ക് സർക്കാർ സ്വീകരിച്ചിരുന്നു. ഇനി മുതൽ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പകുതി സീറ്റുകളിൽ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഫീസ് മാത്രമേ ഈടാക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.