ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ സർക്കാരിനെതിരെ വിമർശനവുമായി യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യൻ സഹായത്താൽ രക്ഷപ്പെട്ട പാകിസ്താനി വിദ്യാർഥിനി. യുക്രൈനിലെ നാഷണൽ എയറോസ്പേസ് സർവകലാശാലാ വിദ്യാർഥിനി മിഷാ അർഷാദാണ് ഇമ്രാൻ സർക്കാരിനെതിരെയും പാക് എംബസിയ്‌ക്കെതിരെയും വിമർശനവുമായി രംഗത്തെത്തിയത്. യുക്രൈനെതിരെ റഷ്യ യുദ്ധം തുടങ്ങിയിട്ടും അവിടെക്കുടുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്താൻ പാക് എംബസി അധികൃതർ ഒന്നും ചെയ്തില്ലെന്നാണ് മിഷാ അർഷാദിന്റെ ആരോപണം.
ഇന്ത്യൻ എംബസിയാണ് യുക്രൈൻ യുദ്ധഭൂമിയിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത്. വിദ്യാർഥികൾക്ക് വേണ്ടി ഇന്ത്യൻ എംബസി തയ്യാറാക്കിയ ബസിൽ കയറാൻ എംബസി അധികൃതർ അനുവദിച്ചെന്നും അങ്ങനെയാണ് പടിഞ്ഞാറൻ യുക്രൈനിലെ ടെർണോപിൽ നഗരത്തിലെത്തിയതെന്നും മിഷ വ്യക്തമാക്കി. ഇന്ത്യൻ വിദ്യാർഥികളാൽ നിറഞ്ഞ ബസിലെ ഏക പാകിസ്താനി സ്വദേശി മിഷ ആയിരുന്നു. തങ്ങളാണ് പാകിസ്താന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് തങ്ങളോട് പാകിസ്താൻ പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യ യുദ്ധം ആരംഭിച്ചതിനു പിന്നാലെ, യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെടാൻ അപ്പാർട്ട്‌മെന്റുകളിൽ താമസിച്ചിരുന്ന വിദ്യാർഥികളെ സർവകലാശാലാ അധികൃതർ ഹോസ്റ്റൽ ബേസ്മെന്റുകളിലേക്ക് മാറ്റിയിരുന്നു. നൈജീരിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 120-ഓളം വിദ്യാർഥികൾക്കൊപ്പമായിരുന്നു അഭയകേന്ദ്രത്തിൽ താൻ കഴിഞ്ഞിരുന്നതെന്നും രാവും പകലും വ്യോമാക്രമണം നടന്നിരുന്നതിനാൽ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങാനോ മറ്റെവിടേക്ക് എങ്കിലും പോകാനോ സാധിക്കുമായിരുന്നില്ലെന്നും മിഷ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

