കോഴിക്കോട്: പാർക്കിൻസൺസ് രോഗ ചികിത്സയുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി മലയാളി ഗവേഷകൻ. പാർക്കിൻസൺസ് രോഗം ബാധിച്ച ഒരു വിഭാഗം ആളുകളിൽ, തലച്ചോറിന്റെ അപചയത്തിന് പരിഹാരമാകാവുന്ന ചില മാറ്റങ്ങൾ സംഭവിക്കുന്നതായാണ് കണ്ടെത്തൽ. പാർക്കിൻസൺസ് രോഗത്തിന് ചികിത്സ വികസിപ്പിക്കാൻ സഹായിക്കുന്ന കണ്ടെത്തലാണ് ഗവേഷകർ നടത്തിയത്. കോട്ടയം സ്വദേശിയായ ഡോ. പ്രമോദ് പിഷാരടിയും സംഘവുമാണ് ഗവേഷണം നടത്തിയത്.
യു.എസിൽ മിനസോട്ട സർവകലാശാലയിലെ ‘സെന്റർ ഫോർ മാഗ്നറ്റിക് റെസൊണൻസ് റിസർച്ചി’ൽ (സി.എം.ആർ.ആർ.) ശാസ്ത്രജ്ഞനാണ് പിഷാരടി. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനായ റെമി പാട്രിയറ്റും ന്യൂറോളജി പ്രൊഫസർ കോളം മക്കിന്നോണും ചേർന്നാണ് നൂതന എം.ആർ.ഐ. വിദ്യ ഉപയോഗിച്ച് പഠനം നടത്തിയത്. ബ്രെയ്ൻ കമ്മ്യൂണിക്കേഷൻസ്’ ജേർണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
നമ്മുടെ ഉറക്കത്തിന് പല ഘട്ടങ്ങളുണ്ട്. അതിലൊന്നാണ് ‘ദ്രുതനേത്രചലന വേള’ അഥവാ ആർ.ഇ.എം.നിദ്ര. ഇതുമായി ബന്ധപ്പെട്ട നിദ്രാവൈകല്യമായ ആർ.ബി.ഡി ഉള്ളവരും ഇല്ലാത്തവരും പാർക്കിൻസൺസ് രോഗികളിലുണ്ട്. ഈ രണ്ടു കൂട്ടരുടെയും മാഗ്നെറ്റിക് റെസണൻസ് ഇമേജിങ് (എം.ആർ.ഐ.) വിവരങ്ങൾ, പാർക്കിൻസൺസ് ഇല്ലാത്തവരുടേതുമായി താരതമ്യം ചെയ്തായിരുന്നു ഗവേഷകർ പഠനം നടത്തിയത്. പാർക്കിൻസൺസ് ബാധിച്ച ആർ.ബി.ഡി. രഹിത ഗ്രൂപ്പിലുള്ളവരുടെ തലച്ചോറിൽ ആകാംക്ഷാഭരിതമായ ചില സംഗതികൾ അരങ്ങേറുന്നതായി ഗവേഷകർ കണ്ടെത്തി. പേശീചലനങ്ങൾ നിയന്ത്രിക്കുകയും അവബോധ ധർമ്മങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്ന മസ്തിഷ്ക്ക ഇടങ്ങളിൽ, സിരാകോശങ്ങളുടെ സൂക്ഷ്മഘടനകൾക്ക് ഗുണപരമായ ചില മാറ്റങ്ങൾ സംഭവിക്കുന്നതായാണ് കണ്ടത്. പാർക്കിൻസൺസ് മൂലം തലച്ചോറിലുണ്ടാകുന്ന നാശത്തിന് ഭാഗികമായെങ്കിലും പരിഹാരമാകുന്ന മാറ്റങ്ങളാണ് സംഭവിക്കുന്നത്.
38 പാർക്കിൻസൺസ് രോഗികളെയും (ആർ.ബി.ഡി.യുള്ള 18 പേരും, ആർ.ബി.ഡി.യില്ലാത്ത 20 പേരും), രോഗമില്ലാത്ത ആരോഗ്യമുള്ള 21 പേരെയും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഏഴ് ടെസ്ല ശേഷിയുള്ള ‘അൾട്ര-ഹൈ ഫീൽഡ് എം.ആർ.ഐ’ ഉപയോഗിച്ച് പാർക്കിൻസൺസ് രോഗികളിൽ നടത്തിയ ആദ്യപഠനമാണിത്. ഇത്രയും ശക്തിയേറിയ എം.ആർ.ഐ. ഉപയോഗിച്ചപ്പോൾ കിട്ടിയ ഉന്നത റെസല്യൂഷനിലുള്ള മസ്തിഷ്ക ദൃശ്യങ്ങളാണ് പുതിയ കണ്ടെത്തലിന് വഴി തുറന്നതെന്ന് ഡോ. പിഷാരടി അറിയിക്കുന്നു. മാത്രവുമല്ല, ‘ആർ.ബി.ഡി., ആർ.ബി.ഡി.രഹിത ഗ്രൂപ്പുകളെ താരതമ്യം ചെയ്ത്, പാർക്കിൻസൺസിനെ കുറിച്ച് നടക്കുന്ന ആദ്യപഠനം കൂടിയാണിത്.
എം.ആർ.ഐ. സ്കാൻ ഉപയോഗിച്ച് രോഗനിർണ്ണയം നേരത്തെയാക്കാൻ സാധിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. രോഗത്തിന്റെ വരവ് മുൻകൂട്ടി മനസിലാക്കാൻ കഴിഞ്ഞാൽ, രോഗതീവ്രത കുറയ്ക്കാനും, രോഗപുരോഗതി മെല്ലെയാക്കാനും, രോഗിക്ക് കൂടുതൽ ആശ്വാസം പകരാനും കഴിയുമെന്നും പഠനത്തിൽ തെളിഞ്ഞു.

