തിരുവനന്തപുരം: നിലവിൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടുന്ന മത്സ്യബന്ധന ബോട്ടുകളെ എൽപിജിയിലേയ്ക്ക് മാറ്റുന്ന പരിസ്ഥിതി സൗഹൃദ പദ്ധതി ആരംഭിച്ച് സംസ്ഥാന സർക്കാർ. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെയും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെയും സമഗ്ര സാമൂഹിക, സാമ്പത്തിക വികസന പദ്ധതിയായ ‘പരിവർത്തന’ത്തിന്റെ ഭാഗമായാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധന സുഗമമായി പൂർത്തീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. 2015 ലാണ് മണ്ണെണ്ണ പെർമിറ്റിനായുള്ള പരിശോധന അവസാനമായി നടന്നത്. കോവിഡിന്റെ സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടത്താൻ സാധിക്കാതെയിരുന്ന സംയുക്ത പരിശോധനയാണ് കഴിഞ്ഞ ദിവസം നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
9 തീരദേശ ജില്ലകളിലെ 196 കേന്ദ്രങ്ങളിലായി 14,485 എഞ്ചിനുകളുടെ പരിശോധനയാണ് നടന്നത്. ആകെ ലഭിച്ച 9,593 അപേക്ഷകളിൽ നിന്നുമാണിത്. അപേക്ഷകരെല്ലാം തന്നെ പരിശോധനയ്ക്ക് ഹാജരായി. ഇവയിൽ നിന്നും പ്രാഥമിക കണക്കെടുപ്പ് പ്രകാരം പതിനാലായിരത്തിലധികം എഞ്ചിനുകൾ മണ്ണെണ്ണ പെർമിറ്റിനു അർഹരാണെന്ന് കണ്ടെത്തി. സംയുക്ത പരിശോധന സുഗമമായി പൂർത്തിയാക്കിയ ഫിഷറീസ്, മത്സ്യഫെഡ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെയും പിന്തുണയേകിയ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികൾ ഉയർന്ന ഇന്ധനച്ചെലവ്, പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണമുള്ള മത്സ്യലഭ്യതക്കുറവ് തുടങ്ങി നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളിൽ മണ്ണെണ്ണ, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങളിൽ നിന്ന് എൽപിജിയിലേക്ക് മാറുന്നത് മത്സ്യത്തൊഴിലാളികൾ വഹിക്കുന്ന പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽപിജി ഉപയോഗിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനച്ചെലവ് 50-55 ശതമാനം വരെ ലാഭിക്കാമെന്ന് പരീക്ഷണത്തിൽ തെളിഞ്ഞതായി ഫിഷറീസ് വകുപ്പ് വ്യക്തമാക്കി. പൂനെ ആസ്ഥാനമായുള്ള വനസ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡുമായി സഹകരിച്ച് എച്ച്പിസിഎല്ലിന്റെ ഗവേഷണ-വികസന കേന്ദ്രം എൽപിജിയിൽ പ്രവർത്തിക്കുന്ന ഔട്ട്‌ബോർഡ് എഞ്ചിനുകൾക്ക് മാത്രമായി കസ്റ്റമൈസ്ഡ് എൽപിജി കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബോട്ടുകളിൽ എൽപിജി ഉപയോഗിക്കുന്നത് പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്ന് പരിവർത്തനം സിഇഒ റോയ് നാഗേന്ദ്രൻ അറിയിച്ചു.
10 എച്ച്പി എഞ്ചിൻ പ്രവർത്തിക്കുന്ന ബോട്ടിന് ഒരു മണിക്കൂർ പ്രവർത്തനത്തിന് സാധാരണയായി ആറ് മുതൽ 10 ലിറ്റർ വരെ മണ്ണെണ്ണ ആവശ്യമാണ്. മണ്ണെണ്ണ പോലുള്ള ഇന്ധനത്തിന്റെ 20 ശതമാനവും കടലിലേക്ക് ഒഴുകുന്നതിനാൽ പാഴാകുന്നതും കൂടുതലാണ്. എന്നാൽ എൽപിജി ഇന്ധനമായി ഉപയോഗിക്കുമ്പോൾ 2.5 കിലോഗ്രാം എൽപിജി മാത്രമേ ഒരു മണിക്കൂർ പ്രവർത്തനത്തിന് വേണ്ടി വരുന്നുള്ളൂ. ഫോസിൽ ഇന്ധനങ്ങളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. മാത്രമല്ല, ഒരു എൽപിജി കിറ്റിൽ നിന്ന് ഒന്നിലധികം എഞ്ചിനുകൾ ബന്ധിപ്പിക്കാൻ കഴിയുമെന്നും നാഗേന്ദ്രൻ കൂട്ടിച്ചേർത്തു.

